കോഴിക്കോട്:
കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടു കൊലപാതകങ്ങള്‍ തന്റെ അറിവോടെയാണ് നടന്നതെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ക്രൈം ബ്രാഞ്ചിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ച ഷാജുവിന്റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.
പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വടകര റൂറല്‍ എസ് പി യുടെ ഓഫീസില്‍ എത്തിച്ച ശേഷം എസ് പി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലും എസ് പി ഓഫീസിലും നടന്ന ചോദ്യം ചെയ്യലിലാണ് ഷാജു കുറ്റം സമ്മതിച്ചത്. ആദ്യഭാര്യയായ സിലിയുടെയും മകളുടെയും കൊലപാതകം തന്റെ അറിവോടെ തന്നെയാണെന്ന് ഷാജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സമ്മതിച്ചു. ജോളിയുമായി പ്രണയത്തിലായിരുന്നു എന്നും ഷാജു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് സൂചന.
ഷാജുവിന്റെ ആദ്യഭാര്യ സിലിയും രണ്ട് വയസുള്ള മകളും കൊല്ലപ്പെട്ടതാണെന്ന വിവരം ഷാജുവിനറിയാമായിരുന്നു എന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സിലിയുടെയും മകളുടെയും കൊലപാതകത്തില്‍ ഷാജുവിനും പങ്കുണ്ടെന്ന സൂചനകളാണ് ജോളിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചിരുന്നത്. ആദ്യ ഭാര്യയുടെ കൊലപാതകത്തില്‍ ഷാജുവിനു പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈം ബ്രാഞ്ച് ശ്രമിച്ചത്.
തുടര്‍ന്ന് തെളിവുകള്‍ നിരത്തി ക്രൈബ്രാഞ്ച് സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഷാജു കുറ്റം സമ്മതിച്ചു. ചില കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്നും എന്നാല്‍ അതൊന്നും പുറത്തു പറഞ്ഞിരുന്നില്ല എന്നും ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ ഷാജു ആദ്യം പറഞ്ഞു. ജോളി തന്നെയും വധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും അതിനാലാണ് ഇക്കാര്യം ആരോടും പറയാതിരുന്നത് എന്നും ഷാജു പറഞ്ഞു. തന്റെയും സിലിയുടെയും മകനെയും കൂടി ജോളി കൊല്ലുമോ എന്നു ഭയന്നിരുന്നു. ജോളിയെ ഭയന്നാണ് മകനെ കൂടത്തായിയിലുള്ള വീട്ടില്‍ നിര്‍ത്താതിരുന്നത്. താമരശേരിയിലെ സ്‌കൂളില്‍ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയതും ഈ ഭയം കാരണമാണെന്നും ഷാജു വെളിപ്പെടുത്തി.
എന്നാല്‍ ഷാജുവിന്റെ അറിവോടെ തന്നെയാകും കൊലപാതകങ്ങള്‍ നടന്നത് എന്ന് അന്വേഷണ സംഘം ഉറച്ചു വിശ്വസിച്ചു. സാഹചര്യങ്ങളും അന്വേഷണ സംഘത്തെ ഈ വഴിക്കു തന്നെ നയിച്ചു. അന്വേഷണം ജോളിയില്‍ ഒതുക്കാനുള്ള ഷാജുവിന്റെ ശ്രമങ്ങളും ഫലിച്ചില്ല. ജോളിയുമായി പ്രണയത്തിലായിരുന്നു എന്ന ഷാജുവിന്റെ വെളിപ്പെടുത്തലും കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്.
നേരത്തേ തന്നെ പൊന്നാമറ്റം തറവാട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഷാജു. ജോളിയും ഷാജുവുമായുള്ള അടുപ്പത്തില്‍ റോയ് തോമസിന്റെ പിതാവ് ടോം തോമസിനും എതിര്‍പ്പുണ്ടായിരുന്നു എന്നാണ് സൂചന. ഇക്കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ മറ്റു കൊലപാതകങ്ങളുടെ ആസൂത്രണങ്ങളില്‍ ഷാജുവിന് പങ്കുണ്ടോ എന്നാണ് ഇനി അന്വേഷണ സംഘത്തിന് അറിയാനുള്ളത്.
ജോളിയെ സംശയിച്ചിരുന്നില്ലെന്നും പോലീസ് ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് കൊലപാതകങ്ങളില്‍ അവരുടെ പങ്കിനെ കുറിച്ച് അറിഞ്ഞത് എന്നുമായിരുന്നു കഴിഞ്ഞ ദിവസം ഷാജു നല്‍കിയിരുന്ന മൊഴി. എന്‍ ഐ ടി അധ്യാപികയാണ് ജോളിയെന്നു തന്നെയാണ് മറ്റുള്ളവരെ പോലെ താനും വിശ്വസിച്ചിരുന്നത് എന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഷാജുവിന്റെ പ്രതികരണങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ആദ്യം മുതല്‍ തന്നെ സംശയിച്ചിരുന്നു. ആറു ദിവസത്തോളമായി ദിവസങ്ങളായി ജോളിയും ഷാജുവും ക്രൈം ബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തില്‍ തന്നെയായിരുന്നു. ജോളിയെ അറസ്റ്റ് ചെയ്ത ശേഷവും പൊലീസ് സംഘം നിരീക്ഷണം തുടര്‍ന്നു.
ഷാജുവിലേക്ക് വിരല്‍ ചൂണ്ടിയ മൊഴികള്‍
ആദ്യ ഭാര്യയായ സിലിയെ കൊലപ്പെടുത്തിയതാണെന്ന് സൂചിപ്പിച്ചപ്പോള്‍ അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്ന് ഷാജു പ്രതികരിച്ചതായും ജോളി പോലീസിനോട് നേരത്തേ പറഞ്ഞിരുന്നു. തനിക്ക് വിഷമമില്ലെന്നും ഇതൊന്നും നീ ആരെയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ജോളി വെളിപ്പെടുത്തി. ഇതെല്ലാം ഷാജുവിന് കൊലപാതകത്തിലുള്ള പങ്ക് സംശയിക്കാന്‍ വഴിയൊരുക്കി.
ആദ്യ ഭാര്യയും മകളും മരിച്ചതില്‍ ഷാജുവിന് ദുഖമില്ലായിരുന്നു എന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ മകന്‍ റോമോയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തേ തന്നെ ഷാജുവിന്റെ മൊഴികളിലും പ്രവൃത്തികളിലും സംശയമുണ്ടായിരുന്ന അന്വേഷണ സംഘം ഈ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തു വന്നതോടെയാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്. താന്‍ നടത്തിയ കൊലപാതകങ്ങളില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ടായിരുന്നതായി ജോളി പറഞ്ഞതും നിര്‍ണായകമായി.
ഇതോടെ സിലിയുടെയും മകളുടെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്ന കാര്യം ക്രൈം ബ്രാഞ്ചിന് ഏറെക്കുറെ വ്യക്തമായി. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഷാജുവിന് പങ്കുള്ളതായി സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംശയം സ്ഥിരീകരിക്കുക എന്നതു മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. പഴുതടച്ചുള്ള ചോദ്യം ചെയ്യലില്‍ ഷാജുവിന് അടിതെറ്റി. ഒടുവില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകത്തില്‍ ഷാജുവിനെ സംശയിക്കാന്‍ മറ്റൊരു കാരണം കൂടി പോലീസിനു മുന്നിലുണ്ടായിരുന്നു. താമരശേരിയില്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി കുഴഞ്ഞു വീണത്. ഈ ദന്താശുപത്രിക്ക് അധികം അകലെയല്ലാതെ ഒരു സര്‍ക്കാര്‍ ആശുപത്രിയും മറ്റു നാല് സ്വകാര്യ ആശുപത്രികളുമുണ്ടായിരുന്നു. ഇവിടെയൊന്നും പ്രവേശിപ്പിക്കാതെ ഓമശേരിയിലുള്ള ശാന്തി ആശുപത്രിയിലേക്ക് സിലിയെ കൊണ്ടു പോയത് എന്തിനാണ് എന്ന ചോദ്യവും പോലീസ് ഉന്നയിച്ചു. ചികിത്സ വൈകിപ്പിച്ച് മരണം ഉറപ്പാക്കാനാണോ ഇത്രയും ദൂരം യാത്ര ചെയ്ത് ആശുപത്രിയിലെത്തിച്ചത് എന്നും പോലീസ് സംശയിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ ഷാജുവിന് കഴിഞ്ഞില്ല. സിലിയെ ദന്താശുപത്രിയിലേക്ക് കൊണ്ടുപോയതും കുഴഞ്ഞു വീണ ശേഷം ആശുപത്രിയിലെത്തിച്ചതും ജോളി ആയിരുന്നു. ആ സമയം ഷാജു ഒപ്പമുണ്ടായിരുന്നില്ല. സിലിയുടെ മരണ സമയത്ത് ജോളി തന്ത്രപൂര്‍വം സിലിയുടെ സഹോദരനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു മരണം എന്നതിനാല്‍ കൊലപാതകത്തിനുള്ള സാധ്യത ആരും സംശയിച്ചില്ല.
എന്‍ ഐ ടി അധ്യാപികയാണെന്ന് മുഴുവന്‍ വിശ്വസിപ്പിച്ച ജോളിയുടെ നുണ അധ്യാപകനായ ഷാജുവും വിശ്വസിച്ചിരുന്നു എന്നു പറഞ്ഞതും പോലീസ് പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല.
കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ മൂന്നാമത്തേതായ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ജോളി, ജോളിയുടെ സുഹൃത്തും റോയിയുടെ ബന്ധുവുമായ മാത്യു, മാത്യുവിന്റെ സുഹൃത്ത് പ്രജു കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മറ്റുള്ള അഞ്ചു പേരെ കൊലപ്പെടുത്തിയതില്‍ ഇനിയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കാനുണ്ട്. ഇത്രയും പേരെ കൊല്ലാനുള്ള സയനൈഡ് പലപ്പോഴായി എത്തിച്ചു നല്‍കിയത് ആരാണെന്നും സ്വത്തു തട്ടിയെടുക്കാനായി വ്യാജ ഒസ്യത്തു തയ്യാറാക്കാന്‍ ആരെല്ലാം സഹായിച്ചു എന്നതും അന്വേഷണ സംഘം പരിശോധിച്ചു വരുന്നുണ്ട്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട പത്തിലധികം പേര്‍ ഇപ്പോഴും ക്രൈബ്രാഞ്ചിന്റെ നിരീക്ഷണത്തിലുണ്ട്.
ഷാജു കുറ്റം സമ്മതിച്ചതോടെ ആറു കൊലപാതകങ്ങളില്‍ മൂന്നു കൊലപാതകങ്ങളില്‍ ജോളിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു. ഇതിനിടെ ഷാജുവിന്റെ പിതാവ് സക്കറിയയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.