Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക. ഇവയ്ക്കൊപ്പം, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ മത്സരിക്കുമെന്നും ജാവഡേക്കര്‍ അറിയിച്ചു.

റഷ്യയാണ് ഇപ്രാവശ്യം മേളയുടെ ആതിഥേയ രാജ്യമാവുക.

അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മേളയിൽ, അമ്പത് വര്‍ഷം മുന്‍പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്തിരുന്ന പന്ത്രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തിയേക്കും. ഇവയ്ക്ക് പുറമെ, ഇക്കൊല്ലത്തെ ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങൾ കൂടി മേളയിലെ ചിത്ര പ്രദര്‍ശനത്തിനൊപ്പമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

‘ഹെല്ലാരു’എന്ന ഗുജറാത്തി ചിത്രമായിരിക്കും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉദ്ഘാടനച്ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാകട്ടെ ആശിഷ് പാണ്‌ഡെയുടെ ‘നൂറെ’എന്ന ചിത്രമായിരിക്കും ആദ്യം പ്രദർശനത്തിനെത്തുക.

സംവിധായകന്‍ പ്രിയദര്‍ശനായിരിക്കും ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ ജൂറി അധ്യക്ഷന്‍ രാജേന്ദ്ര ജാഗ്ലേയായിരിക്കും.

1952ല്‍ ആദ്യ മേള നടന്നത് മുംബൈയിൽ വച്ചായിരുന്നു. പിന്നീട്, 2004 മുതൽക്കെയായിരുന്നു ഗോവ സ്ഥിരം വേദിയാകാൻ തുടങ്ങിയത്.