കൊടുങ്ങല്ലൂർ:
സുഹൃത്തുക്കളേ,
നജ്മൽ എൻ ബാബു മരിച്ചിട്ട് ഒക്ടോബർ രണ്ടിന് ഒരു വർഷം തികയുകയാണ്. ഹിന്ദുത്വ ഫാസിസം കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യ ഓർമ്മ ദിനം വന്നെത്തുന്നത്. വ്യവസ്ഥാപിത ഇടത് കാർമികത്വത്തിൽ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവൽക്കരിക്കാനാണ് നജ്മൽ തന്റെ ജീവിത സായാഹ്നത്തിൽ ഊന്നൽ നൽകിയിരുന്നത്.
മർദ്ദിതരുടെ എല്ലാ വിധ സ്വത്വ പ്രത്യേകതകളേയും നിരാകരിച്ച് കേവല മനുഷ്യരായി മാത്രം തങ്ങളോപ്പം ചേരാനുള്ള ഇടത് ആഹ്വാനങ്ങളോട് കലഹിച്ചു കൊണ്ട്; അടിച്ചമർത്തപ്പെട്ട സ്വത്വങ്ങളുടെ കർതൃത്വത്തെ സാർത്ഥകമായി ഉപയോഗിച്ച് കൊണ്ട് മാത്രമേ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം മുന്നോട്ട് കൊണ്ട് പോകാനാവൂ എന്ന നിലപാടാണ് നജ്മൽ മുന്നോട്ട് വച്ചത്.
ഒരുപക്ഷെ തന്റെ രാഷ്ട്രിയത്തിന്റെ ഏറ്റവും സാർത്ഥകമായ പ്രയോഗവും കൂടിയായിരുന്നു ടി എൻ ജോയിയിൽ നിന്നും നജ്മൽ എൻ ബാബു ആയുള്ള അദ്ദേഹത്തിന്റെ സ്വത്വപരിണാമവും. ആ അർത്ഥത്തിൽ തന്റെ മരണശേഷവും തന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ചിഹ്നവും, പ്രയോഗവുമെന്ന നിലയിൽ ചേരമാൻ പള്ളിയുടെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
എന്നാൽ മുസ്‌ലിം സ്വത്വ സ്വീകരണത്തിന്റെ ആ കാലികമായ രാഷ്ട്രീയത്തെ നിർവീര്യമാക്കിക്കൊണ്ട് നെറികേട് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും യുക്തിവാദികളും വ്യവസ്ഥാപിത ഇടതുപക്ഷവും സർക്കാർ സംവിധാനങ്ങളും. അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തെ അസഹിഷ്ണുതയോടെ സമീപിച്ച മുസ്‌ലിം വിരുദ്ധർ മരണശേഷം നജ്മൽ എൻ ബാബുവിനെ ‘ബാക്കിവെക്കാതിരിക്കാൻ’ ശ്രമിക്കുകയായിരുന്നു.
നീതികേടുകളോട് നിരന്തരം കലഹിച്ച അദ്ദേഹത്തിന്റെ മരണാനന്തര അവകാശത്തോട് തികഞ്ഞ നെറികേട് കാണിച്ചു കൊണ്ട് നടക്കുന്ന ഓർമ്മപ്പെരുന്നാളുകൾക്ക് ഭിന്നമായി, ഈ ഒക്ടോബർ 11 ന് നജ്മൽ എൻ ബാബുവിന്റെ രാഷ്ട്രീയം ഓർക്കുകയും സമൂഹത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുകയാണ് കൊടുങ്ങല്ലൂർ മീഡിയാ ഡയലോഗ് സെന്റർ.
മുസ്‌ലിം, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ സംഘ് പരിവാർ പ്രചോദിതരായ ആൾക്കൂട്ടം നിത്യവും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ, കശ്മീർ, അസം എന്നിവിടങ്ങളിൽ ഹിന്ദുത്വ ഭരണകൂടം കൊടും അനീതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയം അപരവത്കരിക്കുന്ന ഐഡിന്റിറ്റികൾ അടിച്ചമർത്തപ്പെടുന്നതിനോടൊപ്പം തന്നെ സർക്കാരിനെ ചോദ്യം ചെയ്യുന്ന പൊളിറ്റിക്കൽ ഐഡിന്റിറ്റികളും മനുഷ്യാവകാശ പ്രവർത്തകരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും നിരന്തരം വേട്ടയാടപ്പെടുന്നു.
ഫാസിസത്തിന്റെ അടിച്ചമർത്തൽ അത്രമേൽ രൂക്ഷമായിരിക്കെ ഇനിയങ്ങോട്ടുള്ള പ്രതിരോധത്തിന് താങ്കളുടെ രാഷ്ടീയ സാന്നിധ്യം അനിവാര്യമാണ്. അടിച്ചമർത്തപ്പെടുന്ന എല്ലാ ഐഡിന്റിറ്റികളെയും അഡ്രസ് ചെയ്തിരുന്ന നജ്മൽ എൻ ബാബുവിന്റെ അനുസ്മരണത്തിൽ, ‘ഇനി ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് നമുക്ക് ചർച്ച ചെയ്യാം. എല്ലാവർക്കും സ്വാഗതം.
#നജ്മലിനൊപ്പം #മർദ്ദിതർക്കൊപ്പം
ഒക്ടോബർ 11 വെള്ളിയാഴ്ച
കൊടുങ്ങല്ലൂർ ടൗൺ ഹാൾ
പരിപാടികൾ;
12.30pm: ജുമഅ ഖുത്തുബയും നമസ്കാരവും
2.30pm: ചർച്ച; ഇനി ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കാം?
തുടർന്ന് പൊളിറ്റിക്കൽ ആൽബങ്ങൾ പ്രദർശനം.
മീഡിയാ ഡയലോഗ് സെന്റർ കൊടുങ്ങല്ലൂർ
ഫോൺ: അബ്ദുൽ സലാം 9846191488,
എം ആർ വിപിൻ ദാസ് 9947237926