Wed. Jan 22nd, 2025

അപകർഷതയാൽ ഉയർത്തപ്പെടുന്ന ചിലരുണ്ട്.
അത്യുന്നതങ്ങളിലും ആത്മനിന്ദക്ക് സ്തുതി പാടുന്നവർ.
പൊതു സമൂഹത്തിന് അജ്ഞാതമായ സമഭാവനയുടെ ഭൂമികകൾ അവർക്ക് സ്വന്തം.

കേവലം പന്ത്രണ്ട് കഥകൾ മാത്രം എഴുതി മലയാള കഥാലോകത്ത് സ്ഥാനം ഉറപ്പിച്ച വിക്ടർ ലീനസിന്റെ സർഗാത്മക വെളിപ്പെടുത്തലുകളെ മുൻനിർത്തിയാണ് അപകർഷതയുടെ വിഷാദോന്മാദങ്ങളെ പരിശോധിക്കാൻ ഇവിടെ ശ്രമിക്കുന്നത്.

പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സമുദ്രശാസ്ത്ര ഗവേഷകൻ എന്നീ നിലകളിലെല്ലാം സ്വയം അടയാളപ്പെടുത്തിയ വ്യക്തിയാണ് വിക്ടർ ലീനസ്.
എന്നാൽ വ്യക്തിഗതമായ ഈ നേട്ടങ്ങൾ ഒന്നും തന്നെ ആത്മാഭിമാനമുയർത്താൻ തന്നെ സഹായിച്ചില്ല എന്നാണ് ലീനസിന്റെ സർഗാത്മക ജീവിതം തെളിയിക്കുന്നത്.

“ചുവന്ന പരവതാനി വിരിച്ച ആ മുറിയിലെ വില കൂടിയ ആഷ്ട്രേയിൽ ഞാൻ വലിച്ചു തള്ളിയ ബീഡികുറ്റികൾ സഭാകമ്പം കൊണ്ടു വിറങ്ങലിച്ചു കിടന്നു” – എന്ന് ഒരു കഥയിൽ ലീനസ് കുറിക്കുന്നതായി കാണാം.

മാംസനിബദ്ധമായ സിനിമാലോകത്ത് സ്വയം ഹോമിക്കുന്നതിനു മുൻപ് കന്യകാത്വം തനിക്ക് സമ്മാനിച്ചു പോയ ഒരു പെൺകുട്ടിയെ ദീർഘകാലങ്ങൾക്കു ശേഷം അവളുടെ പുതിയ താമസസ്ഥലത്തു വച്ച് കാണുകയാണ് കഥാനായകനായ കഥാകാരൻ. ആരാധനയോടെ തന്നെ സ്വീകരിക്കുന്ന ആ പെൺകുട്ടിയുടെ മുൻപിലും ആത്മഭയമാണ് അദ്ദേഹത്തെ നയിക്കുന്നത്.

സ്വയം വിലമതിക്കാനാവാതെ നിസ്സഹായനാവുന്ന സ്വന്തം വിമത ജീവിതത്തെയാണ് ലീനസ് നമുക്ക് മുൻപിൽ തുടർന്ന് തുറന്നു വയ്ക്കുന്നത്.

സമാഹാരത്തിലെ ആദ്യ കഥയായ “മഴമേഘങ്ങളുടെ നിഴലിൽ” തന്നെ ലീനസിന്റെ സ്വനിന്ദ വെളിപ്പെടുന്നുണ്ട്.

“അവളെന്റെ ലോകത്തിനെന്താണെന്ന് അവളോട് പറയാൻ എനിക്കൊരിക്കലും കഴിയില്ലെന്ന് ഞാൻ ഭയന്നിരുന്ന കാലത്ത് ഞാനനുഭവിച്ച വേദനയെക്കുറിച്ച് ഈ മുറികളിൽ വച്ചാണ് ഞാൻ അവളോട് പറഞ്ഞത്.”

“നിനക്ക് നൽകാൻ എന്റെ കയ്യിൽ എന്തുണ്ട്
അനുദാത്തവും അസമ്പന്നവുമായ ഒരു ജന്മമൊഴികെ?”

ഇപ്രകാരമാണ് ആദ്യകഥയിൽത്തന്നെ ലീനസിലെ പ്രഥമപുരുഷ ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നത്.

സ്രാവിന്റെ രക്തചംക്രമണം പഠിക്കേണ്ട കാലത്ത് ഒറിജിൻ ഓഫ് സ്പീഷിസ് വായിക്കുന്ന, റിഡക്ഷൻ സെയിലിനു വച്ച പുസ്തകം വാങ്ങാൻ പണമില്ലാതെ അമ്മയുടെ മുൻപിൽ നിന്ന് കരയുന്ന, അധ്യാപകർ പുസ്തകം കടം വാങ്ങാൻ തിരഞ്ഞെത്തുന്ന തന്റെ വിദ്യാർത്ഥി ജീവിതവും ലീനസ് തന്റെ കഥകളിലൂടെ വിവരിക്കുന്നുണ്ട്.

എന്നാൽ നേട്ടങ്ങൾ ഒന്നും തന്റേടത്തോടെ ആസ്വദിക്കാത്ത, അടിത്തട്ടിലെ വർഗവിവശതകളിൽ പെട്ട് ഉലയുന്ന ലീനസ് നമ്മളെ ചിന്തിപ്പിക്കുന്നു,
അപകർഷതകൾ എങ്ങനെ സമഭാവനയിലേക്ക് നയിക്കുന്നു എന്നാണ് നമ്മൾ തുടർന്നു കാണുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള മനുഷ്യർ ഈ കഥകളിൽ തുല്യപ്രാധാന്യത്തോടെ കടന്നു വരുന്നുണ്ട്. തെരുവു വേശ്യകളെയും അധോലോക നായകരെയും, ഉപരിവർഗ പെൺകുട്ടികളെയും അധ്യാപകരെയും അയല്പക്കക്കാരെയുമല്ലാം ഒരു പോലെ പരിഗണിക്കാൻ ലീനസിനെ പ്രാപ്തനാക്കുന്നത് ആത്മവിശ്വാസക്കുറവ് എന്ന മാനസിക ഘടകമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അഹംബോധം ഇല്ലാതാക്കുക എന്ന പ്രക്രിയ കൂടി അപകർഷത ഏറ്റെടുക്കുന്നതായി ലീനസിന്റെ സർഗപ്രപഞ്ചം വരച്ചുവക്കുന്നു.

ആത്മനിന്ദയാൽ അവൻ താണ്ടിയ അഹംബോധത്തിന്റെ ഒരായിരം മുൾവേലികൾ…

ലേഖകൻ:- സനൽ ഹരിദാസ്