Mon. Dec 23rd, 2024
ന്യൂഡൽഹി :

രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ കത്തെഴുതിയ, ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണിരത്നം, ചലച്ചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് മാസം മുമ്പ് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നൽകിയ പരാതിയിലാണ്‌, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

എന്നാൽ, രാജ്യത്തെ പ്രമുഖരായ വ്യക്തികള്‍ പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുന്ന സംഭവം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമുണ്ടാക്കുകയും അതിലൂടെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തെ താഴ്ത്തിക്കെട്ടാന്‍ ഇവർ ശ്രമിക്കുകയുമായിരുന്നതായാണ് സുധീര്‍ കുമാര്‍ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ മുതലായ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി പോലീസ് അറിയിച്ചു.

ജയ് ശ്രീറാം വിളി പലരും മറ്റുള്ളവരെ ആക്രമിക്കാനുള്ള ഉപാധിയാക്കിയിരിക്കുന്നതായും മുസ്ലിം, ദളിത് വിഭാഗത്തിൽ പെടുന്നവർക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട അതിക്രമങ്ങൾക്കെതിരെയും ആശങ്കയറിയിച്ച്‌ ജൂലായിലാണ് 50 ഓളം വരുന്ന സാഹിത്യ-ചലച്ചിത്ര – പൊതുരംഗത്തെ പ്രശസ്തർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.