Tue. Nov 5th, 2024

കണ്ണൂര്‍:

പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്.

വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം സംശയാസ്പദമായി നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തെ പരിശോധിക്കാനെത്തിയതായിരുന്നു പോലീസ്. പിന്നാലെയാണ്, കള്ളപ്പണവും കഞ്ചാവുമായി അതിലിരുന്ന മൂന്നംഗ സംഘമായ തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരെ പിടികൂടിയത്.

70 ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളുടെ കെട്ടുകളും, മുപ്പത് ലക്ഷം രൂപ വിലമതിപ്പുള്ള അഞ്ഞൂറ് രൂപയുടെ നോട്ട്‌കെട്ടുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. കാറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ട്‌കെട്ടുകള്‍ കണ്ടെടുത്തത്. തുടർപരിശോധന നടത്തവേയായിരുന്നു, ഇവരുടെ പക്കൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ഗുളികകൾ കൂടി ഉണ്ടായിരുന്നതായി പോലീസ് സംഘത്തിന് മനസിലായത്.

കസ്റ്റഡിയിലെടുത്തിരിക്കുന്ന മൂന്നംഗ സംഘത്തിന്റെ വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണുള്ളത്. സംഘത്തിനൊപ്പവും പിന്നിലുമായി ആരൊക്കെയാണുള്ളതെന്നും പണം കൈമാറിയതുൾപ്പെടെ ഇതുമായി ഏതെങ്കിലും മയക്കുമരുന്നു സംഘം ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.