Wed. Jan 22nd, 2025

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേളയിലായിരുന്നു മലയാളത്തിന്റെ അഭിമാനമായി ജയസൂര്യ മാറിയത്.

സാധാരണ, സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് സിന്‍സിനാറ്റിയില്‍ പ്രാധാന്യം ലഭിക്കുന്നത്. എകദേശം അഞ്ഞൂറ് ചിത്രങ്ങൾ വരെ ഇന്ത്യയില്‍‌ നിന്നും മേളയിലേക്ക് എത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മുതലായ രാജ്യങ്ങളില്‍ നിന്നു കൂടി എത്തിയ ചിത്രങ്ങളായിരുന്നു മേളയില്‍ പ്രദർശിപ്പിച്ചത്.

സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യ തന്നെയാണ് ഈ ശുഭവാര്‍‌ത്ത ലോകത്തെയറിയിച്ചത്. തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും നേട്ടം ഏറ്റവും വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും അണിയറ പ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചു.

2019ലാണ് ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്. ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ ജീവിതത്തിൽ വന്നു ചേരുന്ന അനുഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിൽ മേരിക്കുട്ടിയെന്ന പ്രധാന കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ അരങ്ങിലെത്തിയത്.

നേരത്തെ, സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.