Tue. Nov 5th, 2024
കൊച്ചി:

ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രധാനമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം കേരളത്തിലും കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളിലും കൊണ്ടാടപ്പെടുന്നുണ്ട്.

വടക്കൻ പറവൂർ ദക്ഷണ മൂകാംബിക ക്ഷേത്രം നവരാത്രി ആഘോഷം



ഈ സാഹചര്യത്തിൽ, വടക്കൻ ഇന്ത്യയിൽ നിന്നോ, വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നോ ഇതരസംസ്ഥാന തൊഴിലാളികളായി പണിയെടുക്കാൻ കേരളത്തിലേക്ക് എത്തിയിരിക്കുന്ന; മലയാളികൾ ‘ബംഗാളികൾ’ എന്ന് പൊതുവായി വിശേഷിപ്പിക്കുന്ന മനുഷ്യർക്ക് നവരാത്രിയിൽ പങ്കുകാരാവാൻ കഴിയുന്നുണ്ടോ? എന്തൊക്കെ കാര്യങ്ങളാണ് മറ്റുസംസ്ഥാന തൊഴിലാളികളായ ഇവരെ തങ്ങളുടെ പ്രധാന മഹോത്സവത്തിൽ നിന്നും പിഴുത് മാറ്റുന്നത്?

കേരളത്തിൽ പ്രധാനമായും രണ്ടു മതവിഭാഗക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്; ഇവരിൽ ആസാമിൽ നിന്നെത്തുന്നവരിൽ ഭൂരിഭാഗവും മുസ്ലിം വിശ്വാസികളും ബംഗാൾ, കൊൽക്കത്ത മുതലായ പ്രദേശങ്ങളിൽ നിന്നുള്ളവർ ഹൈന്ദവ മതവിശ്വാസികളുമാണ്.

ചൊവ്വാഴ്ച, നവരാത്രിയുടെ രണ്ടാം നാൾ, കേരളത്തിൽ നവരാത്രി വലിയ ആഘോഷമായ എറണാകുളത്തെ, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ അവസ്ഥ ഏവരെയും ചിന്തിപ്പിക്കുന്നതാണ്. നവരാത്രി ആഘോഷത്തെപറ്റി പ്രത്യേക ഐതീഹ്യവും രീതികളുമൊക്കെയുള്ള ക്ഷേത്രത്തിനു മുൻപിലെ സ്റ്റീൽ വേലികൾ നിർമ്മിക്കുന്ന തിരക്കിൽ നിൽക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ.

“ഞങ്ങൾ നാട്ടിലുണ്ടാവുമ്പോൾ വീട്ടുകാരോടൊപ്പം നവരാത്രി ആഘോഷിക്കും. അവിടെയത്‌ ഞങ്ങളുടെ വലിയ ആഘോഷമാണ്. ഇവിടെ എങ്ങനെയാണ്, ഇവിടെ ജോലിയല്ലെ? നവരാത്രി ആഘോഷമെന്ന ഒന്ന് ഞങ്ങൾ കേരളത്തിൽ ചെയ്യാറില്ല,” ഇതരസംസ്ഥാന തൊഴിലാളികളായ ആനന്ദ് റോയും പാര സർക്കാറും ഹിന്ദിയും മലയാളവും കൂട്ടിക്കുഴച്ച ഭാഷയിൽ പറയുന്നു.

ആനന്ദ് റോയും പാര സർക്കാറും


കൊൽക്കത്ത സ്വദേശികളായ ഇരുവരും താമസിക്കുന്നതും പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്ര പരിസരത്തിൽ തന്നെയാണ്.

“ഹൈന്ദവ വിശ്വാസികളായ ലോകത്തെ സകലർക്കും ക്ഷേത്രത്തിലും നവരാത്രി ആഘോഷത്തിലും പങ്കെടുക്കാം. വടക്കേ ഇന്ത്യയിൽ നിന്നും ഒരുപാട് ഹൈന്ദവ സഞ്ചാരികൾ ക്ഷേത്രം സന്ദർശിക്കാനും നവരാത്രി ആഘോഷത്തിൽ പങ്കുകാരാവാനും ഇവിടോട്ടു വരുന്നുണ്ട്,”ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശശികുമാർ വോക്ക്മായുള്ള സംഭാഷണത്തിനിടെ പറഞ്ഞു.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ എസ് ശശികുമാർ

കുറച്ചധികം കാലങ്ങളായി കേരളത്തിൽ സഹവസിച്ചു വരുന്നുണ്ടെങ്കിലും ഹൈന്ദവ വിശ്വാസികളായ ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും ക്ഷേത്രങ്ങളിലേക്ക് ആത്മീയതയ്ക്കായി പ്രവേശിക്കാറില്ല. ദർശനത്തിനായി പോകാൻ തോന്നിയാലും ചുറ്റുമുള്ളവരുടെ നോട്ടം കണ്ട്, മനസുമാറ്റുകയാണ് ചെയ്യാറെന്ന് പേരറിയിക്കാനാഗ്രഹിക്കാത്ത മറുനാടൻ തൊഴിലാളികൾ വെളിപ്പെടുത്തുന്നു.

നവരാത്രി

ഒൻപത് രാത്രികൾ എന്നാണ് നവരാത്രിയെന്ന ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്.

കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷമാണ് രാജ്യത്തെതന്നെ ഏറ്റവും പ്രസിദ്ധമായത്. ഇവിടുത്തെ രഥോത്സവത്തിനും വിദ്യാരംഭത്തിനും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ഭക്തജനങ്ങളുടെ പ്രവാഹം ഉണ്ടാകാറുണ്ട്.

കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവുമാണ് പ്രധാന ആഘോഷങ്ങൾ.

നവരാത്രിയും വടക്കൻ പറവൂർ ദക്ഷിണ മൂകാംബികയും

രാജഭരണകാലത്ത് നാടുവാണിരുന്ന പറവൂർ തമ്പുരാൻ, കൊല്ലൂർ മൂകാംബികയുടെ ഭക്തനായിരുന്നു. പതിവുതെറ്റാതെ കൊല്ലൂരിൽ ദർശനം നടത്തിയിരുന്ന അദ്ദേഹം പ്രായാധിക്യം മൂലം ദേവിയെ ദർശിക്കാനാവാത്ത വിധം അവശനായി. ആ സമയം ദേവി തന്നെ നേരിൽ പ്രത്യക്ഷപ്പെടുകയും, ഇനി കൊല്ലൂരിൽ വരേണ്ടതില്ലെന്നും കൊട്ടാരത്തിനടുത്തുള്ള താമര പൊയ്കയിൽ തന്നെ ദർശിക്കാമെന്ന് അരുൾചെയ്യുകയും തുടർന്ന്, നാടുവാഴി അവിടെ ദക്ഷണ മൂകാംബിക ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തതെന്നാണ് ഐതീഹ്യം.

കേരളത്തിലെ വളരെ പ്രസിദ്ധമായ നവരാത്രി ക്ഷേത്രങ്ങളിലൊന്നാണ് വടക്കൻ പറവൂരിലെ ദക്ഷിണമൂകാംബിക.

സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുനിന്നും എത്തുന്ന ഭക്തജനങ്ങളെ ഉൾക്കൊള്ളാൻ പോന്നവിധം സ്ഥലം ക്രമീകരിക്കുകയും പൂർണമായും പ്ലാസ്റ്റിക് വിമുക്തമായ ഒരു ആഘോഷം നടപ്പിലാക്കാനും ശ്രമിക്കുന്നു എന്ന പ്രത്യേകതയാണ് നോർത്ത് പറവൂരിലെ ഈ പ്രസിദ്ധ ക്ഷേത്രത്തിന്റെ ഇത്തവണത്തെ നവരാത്രി ആഘോഷത്തിനുള്ളത്.

അന്നേരം, ഹൈന്ദവ വിശ്വാസികളായിരുന്നിട്ട് കൂടി ക്ഷേത്ര പരിസരത്തിൽ, ഭക്തജനങ്ങൾക്കായുള്ള വേലി കെട്ടാൻ എത്തിയതിലൂടെ മാത്രം നവരാത്രിയിൽ പങ്കുകാരാവാൻ കഴിഞ്ഞ, ആ രണ്ട് ചെറുപ്പക്കാരായ മറുനാടൻ തൊഴിലാളികൾക്കും മടങ്ങാൻ സമയമായിരുന്നു, ഇരുണ്ടു തുടങ്ങിയ വൈകുന്നേരത്തിന്റെ ഇരുട്ടിലേക്ക് അവർ ഇരുവരും പോയ് മറഞ്ഞു. രണ്ടു പേരാണെങ്കിലും, കേരളത്തിൽ അധിവസിക്കുന്ന ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളുടെയും പ്രതിബിംബങ്ങളാണോ ഇവർ?

Leave a Reply

Your email address will not be published. Required fields are marked *