Wed. Jan 22nd, 2025

മലയാള ചലച്ചിത്ര ചുറ്റുവട്ടത്തെ വ്യത്യസ്തതകളുടെ സംവിധയാകാനായി വളർന്നു വന്നുകൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.
ഈ.മ.യൗ. എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്പൻ വിനോദ്, സാബു മോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു കഴിഞ്ഞു.

എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ, സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവ്വഹിച്ചിരിക്കുന്നത്.

ചലച്ചിത്രം രൂപപ്പെടുത്തുന്നതിൽ എന്നും വ്യതസ്ഥത കൊണ്ട് അത്ഭുതപ്പെടുത്തുന്ന പെല്ലിശേരിയുടെ ജല്ലിക്കട്ടിന്‍റെ മേക്കിംഗ് ഡോക്യുമെന്‍ററി ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിൽ, രാത്രിയുടെ പശ്ചാത്തലത്തില്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളെ തീപ്പന്തത്തിന്‍റെ വെളിച്ചം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള അവതരണ രീതി ശ്രദ്ധേയമാണ്.

മേക്കിങ് വിഡിയോയിൽ അതി സാഹസികമായൊരു ഷോട്ട് എടുക്കാനായി ക്യാമറാമാൻ ഗിരീഷ് ഗംഗാധരനെ ക്യാമറയുമായി കിണറ്റിലേക്കിറക്കുന്ന ഒരു രംഗം, ഇതിനോടകം തന്നെ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.‌

ട്രെയിലറിലൂടെ ആക്രമകാരിയായ പോത്തിനെ പിന്തുടരുന്ന ഒരു കൂട്ടം ജനങ്ങളെ പ്രദർശിപ്പിച്ച് കൊണ്ട് തന്നെ സിനിമാപ്രേമികളെ ലിജോ ഞെട്ടിച്ചിരുന്നു.

ടോറന്‍റോ ഫിലിം ഫെസ്റ്റിവെലില്‍ ആരാധകരെ ഏറ്റവും ത്രില്‍ അടിപ്പിച്ച 10 ചലചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ജല്ലിക്കട്ട്.