കൽപ്പറ്റ:
ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത തടയുന്നതിൽ കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടലും. സമ്പർക്ക വിലക്ക് ലംഘിക്കുന്നത് തടഞ്ഞും ലക്ഷണമുള്ളവരെ ടെസ്റ്റിന് എത്തിച്ചും ക്വാറന്റൈനിലുള്ളവർക്ക് സഹായ സഹകരണങ്ങൾ ഒരുക്കിയുമെല്ലാം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രതിരോധപ്രവർത്തനം ശ്രദ്ധേയമാവുന്നു.
സമ്പർക്ക വിലക്ക് ലംഘിക്കുന്നത് തടയാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ വലിയ മാറ്റങ്ങൾ കൊവിഡ് പ്രതിരോധത്തിലുണ്ടായി.
ആർടിപിസിആർ ടെസ്റ്റ് നടന്ന ശേഷം റിസൽട്ട് വരുന്നതുവരെയുള്ള ക്വാറന്റൈൻ ലംഘനവും പോസിറ്റീവായ രോഗികളും അവരുടെ സമ്പർക്കത്തിൽ ഉള്ളവരും നടത്തുന്ന ക്വാറന്റൈൻ ലംഘനവുമാണ് പ്രധാന വെല്ലുവിളിയായത്. ഇക്കാര്യത്തിൽ കുടംബശ്രീ അയൽക്കൂട്ടങ്ങളുടെ ഇടപെടൽ പൊലീസിന് വലിയ സഹായമായി.
കുടുംബശ്രീ ഇടപെടലിലൂടെ എല്ലാ സർക്കാർ–അർധ സർക്കാർ ആശുപത്രിയിൽനിന്നും ആർടിപിസിആർ ടെസ്റ്റ് കഴിഞ്ഞവരുടെ ലിസ്റ്റ് സിഡിഎസ് ചെയർപേഴ്സണ് ലഭിക്കുന്നു. സിഡിഎസ് ചെയർപേഴ്സൺ പ്രസ്തുത ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ വേർതിരിച്ച് എഡിഎസ് വഴി അയൽക്കൂട്ട സെക്രട്ടറിയെ അറിയിക്കുന്നതിലൂടെ ടെസ്റ്റ് കഴിഞ്ഞവരെല്ലാം ക്വാറന്റൈനിൽ ഇരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയുന്നു. മറ്റ് രൂപത്തിൽ ക്വാറന്റൈൻ ലംഘനം നടന്നാൽ ഓരോ പൊലീസ് സ്റ്റേഷനിലേക്കും സിഡിഎസ് ചെയർപേഴ്സൺ വിവരം അറിയിക്കുന്നുമുണ്ട്.