Wed. Nov 6th, 2024
ന്യൂഡൽഹി:

ഇന്ധനവില കുറക്കാൻ പുതിയ ​നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ്​ കുറക്കാനുള്ള ശ്രമങ്ങൾക്കാണ്​ കേന്ദ്രസർക്കാർ തുടക്കം കുറച്ചത്​. സ്വകാര്യ-പൊതു​മേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച്​ വിലപേശൽ നടത്തി എണ്ണ വാങ്ങാനാണ്​ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്​ തുടക്കമിട്ടുവെന്ന്​ ഓയിൽ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു. എണ്ണ ആവശ്യകത വർധിക്കുമ്പോൾ ഉൽപാദനം കുറക്കുന്ന ഒപെക്​ നടപടിയേയും അദ്ദേഹം വിമർശിച്ചു.

ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമാണ്​ ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്​ . നിലവിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒരുമിച്ചാണ്​ എണ്ണ ഇറക്കുമതി ചെയ്യുന്നത്​. സ്വകാര്യ മേഖലയെ കൂടി ഇതിന്‍റെ ഭാഗമാക്കാനാണ്​ ശ്രമം.

നേരത്തെ ഇത്തരത്തിൽ കമ്പനികൾ ഒരുമിച്ച്​ ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്​ത​പ്പോൾ വിലയിൽ കുറവുണ്ടായിരുന്നു. ഈ രീതി തുടർന്നും സ്വീകരിക്കാനാണ്​ കേന്ദ്രസർക്കാർ നീക്കം. രാജ്യാന്തരവിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 84 ഡോളറാണ്​. ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലി​ൻ്റെയും വില 100 രൂപയും കടന്ന്​ കുതിക്കുകയാണ്​.