റാന്നി:
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ തീർത്ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകൾ പരിശോധിക്കാൻ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു എംഎൽഎ.
ദർശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തും. ഭക്തർ എത്തുന്ന നദീ തീരങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇടത്താവളങ്ങളിലെ സൗകര്യം, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുള്ള ശുചി മുറികൾ എന്നിവ സജ്ജമാക്കും.
കുടിവെള്ള സൗകര്യം ഉറപ്പുവരുത്തും. മരം വീഴ്ച, മണ്ണിടിച്ചിൽ പോലെയുള്ള അപകട സാധ്യതകൾ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ആന ഇറങ്ങുന്ന സ്ഥലങ്ങൾ, കൊടുംവളവുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കും.
നിലയ്ക്കൽ ആശുപത്രിയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രത്യേക കോവിഡ് കിയോസ്‌ക് സ്ഥാപിക്കുകയും ചെയ്യും. ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു.