Fri. Nov 22nd, 2024
ഐവർകാല:

അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ മുകൾ ഭാഗം ഒടിഞ്ഞത്. പത്തിലേറെ ട്രാൻസ്ഫോമറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രധാന 11 കെവി ലൈനാണ് പോസ്റ്റിലൂടെ കടന്നു പോകുന്നത്.

സമീപത്തെ വസ്തുവിൽ നിന്ന് ലൈനിലേക്കു വീണു കിടന്ന മരത്തിന്റെ ശിഖരം മുറിച്ചു മാറ്റുന്നതിനിടെ പോസ്റ്റിന്റെ മുകൾ ഭാഗം ഒടിയുകയായിരുന്നു. കടമ്പനാട് – പുത്തൂർ പ്രധാന റോഡിന്റെ വശത്തായി നിൽക്കുന്ന ഈ പോസ്റ്റിന്റെ സമീപത്തു കൂടി ദിനവും നൂറു കണക്കിന് ആളുകളും വാഹനങ്ങളുമാണ് കടന്നു പോകുന്നത്.

പോസ്റ്റിന്റെ മുകൾ ഭാഗം ഒടിഞ്ഞതോടെ സമീപത്തെ പോസ്റ്റിലേക്കു പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു കെട്ടി നിർത്തി വൈദ്യുതി വകുപ്പു ജീവനക്കാർ പോയി. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പോസ്റ്റ് കെട്ടി നിർത്തിയതു കൊണ്ട് അപകടം സംഭവിക്കില്ലെന്നാണ് അധികൃതർ പറയുന്നത് എന്നു സമീപവാസികൾ പറയുന്നു.

അതെ സമയം, ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഈ പോസ്റ്റിനു സമീപത്തു കൂടി കടന്നു പോകുമ്പോൾ, ഒടിഞ്ഞ ഭാഗം ഇളകുന്നത് കാണാം. അടിയന്തരമായി പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ സെക്‌ഷന് ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങളിലേക്കു നീങ്ങാനുള്ള ആലോചനയിലാണു നാട്ടുകാരും ജനപ്രതിനിധികളും