Thu. Mar 28th, 2024
റാന്നി:

‘വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ കുരുക്കിൽപ്പെട്ട് മുന്നോട്ടും പിന്നോട്ടും പോകാനാകാത്ത സ്ഥിതി.

കോന്നി–പ്ലാച്ചേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് റാന്നി വലിയപാലം മുതൽ ബ്ലോക്കുപടി വരെ തിരക്കിട്ടു പണി നടക്കുകയാണ്. കലുങ്ക്, ഓട എന്നിവയുടെ നിർമാണം, പാറമക്കിട്ട് റോഡ് ഉയർത്തൽ എന്നിവയാണ് നടക്കുന്നത്.

ഇതുമൂലം രാവിലെ മുതൽ വൈകും വരെ ഗതാഗത കുരുക്കാണ്. ഇഴഞ്ഞു നീങ്ങുകയാണ് വാഹനങ്ങൾ. പലപ്പോഴും കുരുക്ക് കിലോമീറ്ററുകൾ നീളും. ഇതിൽ നിന്നു രക്ഷപ്പെടാനാണ് ചെറിയ വാഹന യാത്രക്കാർ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര നടത്തുന്നത്.

റാന്നി പുതിയ പാലത്തിന്റെ സമീപന റോഡാണിത്. വികസനത്തിന് സ്ഥലം ഏറ്റെടുക്കാത്തതു മൂലം ഇതുവരെ റോഡിന്റെ വീതി വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പലയിടത്തും ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാനുള്ള വീതിയെയുള്ളൂ.

എതിരെ വാഹനങ്ങളെത്തിയാൽ സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് വാഹനം കയറ്റിയിട്ടാണ് വശം കൊടുക്കുന്നത്. ഒരേ സമയം ഒന്നിലേറെ വാഹനങ്ങളെത്തിയാൽ കുടുങ്ങിയതു തന്നെ. സ്ഥലം ഏറ്റെടുത്ത് അടിയന്തരമായി റോഡ് വികസിപ്പിക്കുകയാണ് പരിഹാരം.