കോന്നി:
താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിർമാണപ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിർമാണ പ്രവർത്തനത്തിൽ ബേസ്മെൻറ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ എന്നിവ മാത്രമാണ് പൂർത്തിയായത്. ബാക്കി പില്ലറുകളുടെ നിർമാണം നടക്കുന്നതേയുള്ളൂ. കരാറനുസരിച്ച് 18 മാസമാണ് നിർമാണ കാലാവധി. അത് തീരാറായി.
കെ യു ജനീഷ് കുമാർ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 7.5 കോടിയാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. രണ്ടാംഘട്ട പ്രവർത്തനത്തിൽ രണ്ട്, മൂന്ന്, നാല് നിലകളും അഞ്ചാം നിലയിലെ ലിഫ്റ്റ് റൂമുമാണ് പൂർത്തിയാക്കേണ്ടത്. കൂടാതെ വൈദ്യുതീകരണം, അഗ്നിരക്ഷാ സജ്ജീകരണങ്ങൾ, ലിഫ്റ്റ് സ്ഥാപിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുതായി നിർമിക്കുന്ന ഒന്നാംനിലയിൽ മിനി ഓപറേഷൻ തിയറ്റർ, പുരുഷന്മാരുടെ വാർഡ്, മെഡിക്കൽ ഐ സി യു എന്നിവയാണ് സജ്ജീകരിക്കുന്നത്. രണ്ടാം നിലയിൽ ഓപറേഷൻ തിയറ്റർ, ലേബർ റൂം, സ്ത്രീകളുടെ വാർഡ് എന്നിവയും മൂന്നാം നിലയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 2270 ചതുരശ്ര മീറ്ററിലാണ് നിർമാണം നടത്തുന്നത്.