Thu. Apr 25th, 2024
കൊല്ലം:

ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത്‌ രണ്ടുലക്ഷം ചെലവിട്ട്‌ ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍ മീര ഉദ്ഘാടനംചെയ്‌തു.

പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും ഇവിടെയുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് തിരികെ നല്‍കണം എന്ന വ്യവസ്ഥയിലാണ് പുസ്തകങ്ങള്‍ നല്‍കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറുമാണ് ലഭ്യമാക്കിയത്.

ആശുപത്രിയിലെ ഡീലക്‌സ് പേ വാര്‍ഡിനും നാലാം വാര്‍ഡിനും മധ്യേയാണ് ഗ്രന്ഥശാല. വായനാപ്രേമികൾക്കായി ചെറു പൂന്തോട്ടവും കസേരയും സജ്ജമാക്കിയിട്ടുണ്ട്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് സുമലാല്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഗോപന്‍, അംഗങ്ങളായ സി പി സുധീഷ്‌കുമാര്‍, ഗേളി ഷണ്‍മുഖന്‍, അനന്തുപിള്ള, പ്രിജി ശശിധരന്‍, സെക്രട്ടറി കെ പ്രസാദ്, ആശുപത്രി സൂപ്രണ്ട് കൃഷ്ണവേണി, ആര്‍എംഒ അനു ജെ പ്രകാശ് എന്നിവര്‍ സംസാരിച്ചു. റാണി നൗഷാദ് 50 പുസ്തകം ഗ്രന്ഥശാലയ്ക്ക് കൈമാറി.