Wed. Jan 22nd, 2025

പൊള്ളാച്ചി∙

ആനമലയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ, നാടോടി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ (52), മുരുകേശ് (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വിൽക്കാനാണെന്ന സംശയമുള്ളതിനാൽ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ആനമലയിലെ റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന മൈസൂരു സ്വദേശികളായ മണികണ്ഠൻ – സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഇവർ തട്ടിയെടുത്തു കടന്നത്.

വാഹനത്തിൽ എത്തിയ സംഘം ദമ്പതികളുടെ മറ്റു മക്കൾക്കു ഭക്ഷണം വാങ്ങാൻ പണം നൽകിയശേഷം വിശ്വാസം പിടിച്ചുപറ്റി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ദമ്പതികൾ ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.