Tue. Apr 23rd, 2024

തൃശൂർ ∙

ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ചമഞ്ഞു തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയും പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ കുടുക്കാൻ ക്ഷമ ആയുധമാക്കി ഈസ്റ്റ് പൊലീസ്. അറസ്റ്റിലായതിനു പിന്നാലെ അപസ്മാരം അഭിനയിക്കുകയും മനോവിഭ്രാന്തി കാട്ടുകയും ചെയ്തതോടെ പ്രതിയെ ആശുപത്രിയിലാക്കിയ ശേഷം പൊലീസ് കൂട്ടിരുന്നത് 4 ദിവസം.

വിദ്യകളൊന്നും ഏൽക്കാതെ ക്ഷമകെട്ടതോടെ പ്രതി സ്വയം അഭിനയം നിർത്തി കുറ്റമേറ്റു. വടക്കാഞ്ചേരി എങ്കക്കാട് നാലകത്ത് ഷക്കീർ (41), കാനാട്ടുകര പാലിയത്ത് മുഹമ്മദ് അഷറഫ് അമാൻ (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ശക്തൻ മാർക്കറ്റിനു സമീപം നടന്നുപോകുകയായിരുന്ന 2 ഇതര സംസ്ഥാന തൊഴിലാളികളെ ഷക്കീറും അമാനും ചേർന്നു തടഞ്ഞുനിർത്തി.

പൊലീസ് ആണെന്നു പറഞ്ഞ് മൊബൈൽ ഫോണും പണവും വാങ്ങിയ ശേഷം ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചു. സംശയം തോന്നിയ തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും കത്തിചൂണ്ടി ഷക്കീറും അമാനും മുങ്ങി. പൊലീസ് പിടികൂടിയെങ്കിലും ഷക്കീർ അപസ്മാരം അഭിനയിച്ചു വീഴുകയും ആശ‍ുപത്രിയിലെത്തിച്ചപ്പോൾ ബോധക്ഷയം നടിക്കുകയും ചെയ്തു.

ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറിന്റെ നിർദേശപ്രകാരം അന്വേഷണസംഘം 4 ദിവസം ഷക്കീറിനൊപ്പം ആശുപത്രിയിൽ തങ്ങി. ഒടുവിൽ ഷക്കീർ കുറ്റമേൽക്കുകയായിരുന്നു. എസ്ഐ ടി.എസ്. സിനോജ്, സിപിഒമാരായ ജോമോൻ, പ്രീത്, വിജയരാജ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.