Wed. Jan 22nd, 2025

ചെങ്ങന്നൂർ:

ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം അടുത്ത ആഗസ്‌തിൽ ഉദ്‌ഘാടനം ചെയ്യാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി. മന്ത്രി സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു.

മണ്ണും മണലും ചേർത്ത് നിർമിക്കുന്ന പിച്ച് താരങ്ങൾക്ക് കൂടുതൽ സുരക്ഷയേകും. ആലപ്പുഴയിൽ കോസ്‌റ്റൽ റോവിങ് ‌അക്കാദമി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ നാലിന് നിയമസഭാ കോൺഫ്രറൻസ് ഹാളിൽ ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

20 ഏക്കറിൽ 49 കോടി രൂപ കിഫ്ബി ഫണ്ട്‌ വിനിയോഗിച്ചാണ്‌ നിർമാണം. 15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയുണ്ടാകും. എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബോൾ ടർഫ്, ലോങ്‌ജമ്പ്‌, ട്രിപ്പിൾജമ്പ്‌ പിറ്റുകൾ, 50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, സ്വിമ്മിങ്‌ പൂൾ, ഔട്ട്ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്‌റ്റ്‌ റൂമുകൾ, ഹോസ്‌റ്റലുകൾ, തിയേറ്ററുകൾ എന്നിവ ഉണ്ടാകും.

സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ മേഴ്സികുട്ടൻ, സെക്രട്ടറി പ്രദീപ്കുമാർ, കൗൺസിൽ അംഗം കെ കെ പ്രതാപൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെബിൻ പി വർഗീസ്, നഗരസഭ സെക്രട്ടറി എസ് നാരായണൻ, കിറ്റ്കോ ഗ്രൂപ്പ് ഹെഡ് രാകേഷ്, എം കെ മനോജ്, പി ആർ പ്രദീപ്കുമാർ, വി വി അജയൻ എന്നിവർ പങ്കെടുത്തു.