Fri. Mar 29th, 2024

ആലപ്പുഴ:

പത്ത് വർഷത്തിലധികം കയർ ഫെഡ്ഡിൽ  ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലും വിവേചനം. 31 പേരുടെ പട്ടികയ്ക്ക് ബോർഡ് യോഗം അംഗീകാരം നൽകിയെങ്കിലും ഭരണ സ്വാധീനമുള്ള 19 പേരെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. ഇരട്ടനീതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒഴിവാക്കപ്പെട്ട ജീവനക്കാർ.

വർക്കർ തസ്തികയിൽ ജോലി ചെയ്ത 29 പേർ, സ്വീപ്പർ തസ്തികയിൽ ജോലി ചെയ്ത രണ്ട് പേർ, ഇങ്ങനെ 31 പേരെ സ്ഥിരിപ്പെടുത്താൻ ഇക്കഴിഞ്ഞ ഫിബ്രുവരിയിൽ കയർ ഫെഡ് ബോർഡ് യോഗം തീരുമാനിച്ചു. പക്ഷെ നിയമന ഉത്തരവ് ഇറങ്ങിയപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യ സഹോദരൻ എസ് സുരേഷ് ഉൾപ്പെടെ 19 പേർ മാത്രം സ്ഥിരപ്പെട്ടു.

പത്ത് വർഷത്തിലധികം തുടർച്ചയായി ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ ഇടയ്ക്ക് ജോലി നിർത്തി, പിന്നീട് വീണ്ടും തിരികെ പ്രവേശിപ്പിച്ചവരും കയർ ഫെഡ്ഡിൽ സ്ഥിരപ്പെട്ടു. നിയമന ഉത്തരവ് ഇറക്കേണ്ട കയർ ഫെഡ് എംഡിയെ മറികടന്ന് ജനറൽ മാനേജർ ഉത്തരവ് ഇറക്കിയതിലും പ്രതിപക്ഷ സംഘടനകൾ ദുരൂഹത ആരോപിക്കുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹ‍ർജി സമർപ്പിക്കാനാണ് ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ തീരുമാനം. നിയമനത്തിലെ വിവേചനം സംബന്ധിച്ച് സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറോട് വിശദീകരണം തേടിയെങ്കിലും ലഭ്യമായില്ല.