Fri. Apr 26th, 2024
റിയാദ്:

സൗദി അറേബ്യയില്‍ പ്രതിദിനം 1,468 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനും, തൊഴില്‍ വിപണിയുടെ നിയന്ത്രണത്തിനും ആവിഷ്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി ഏജന്‍സി (എന്‍എല്‍ഒ.എസ്എ) ഈ വര്‍ഷം തയ്യാറാക്കിയ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

അതേ സമയം, സൗദിയില്‍ 492 യുവതീയുവാക്കള്‍ക്ക് പ്രതിദിനം ജോലി ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയുടെ സ്വദേശിവല്‍ക്കരണ നടപടികള്‍ വിജയിച്ചതിന്‍റെ സൂചനയായിട്ടാണ് ഈ മാറ്റത്തെ കണക്കാക്കുന്നത്. സ്വദേശിവല്‍ക്കരണം നടപ്പായതിനു ശേഷമുള്ള കണക്കനുസരിച്ച്, ഈ വര്‍ഷം മൂന്നുമാസ കാലയളവില്‍ സ്വകാര്യ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ച സൗദി യുവതീയുവാക്കളുടെ എണ്ണം 44,814 ആയിരുന്നു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ടതും, രാജ്യം വിട്ടതുമായ വിദേശികളുടെ എണ്ണം 133,652 ആണ്.

സ്വദേശിവല്‍ക്കരണത്തോടൊപ്പം തന്നെ, സൗദിയില്‍ കടകളിലും ഫാക്ടറികളിലും നടപ്പിലാക്കിയ വനിതാവല്‍ക്കരണ നടപടികളും വന്‍ തോതില്‍ ഫലം കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശി വനിതകളിൽ 5,043 പേർക്ക് കടകളിലും 2,650 പേർക്ക് ഫാക്ടറികളിലും ഈ കാലയളവിൽ ജോലി കിട്ടി.

തൊഴിൽ രംഗത്തെ സ്ത്രീ ശാക്തീകരണത്തെ സഹായിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘വുസൂൽ’ എന്ന പദ്ധതിയുടെ പ്രയോജനം 11,611 സ്വദേശി സ്ത്രീകൾക്ക് ലഭിച്ചു. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും, പ്രതിമാസം 800 റിയാലിൽ കുറഞ്ഞ ചെലവിലും പൂർണമായ സുരക്ഷിതത്വത്തിലും ഗതാഗത സൗകര്യം ഒരുക്കുന്നതാണ് വുസൂല്‍ പദ്ധതി.

ഇതു പ്രകാരം, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് തുടക്കത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാനും, അത് നടത്തുന്നവരുടെയും കുടുംബത്തിെൻറയും നിത്യനിദാന ചെലവുകൾ നടത്താനും ആവശ്യമായ മുഴുവൻ സഹായവും സർക്കാർ തലത്തിൽ ലഭിക്കും.  കണക്കുകള്‍ പ്രകാരം തദ്ദേശീയരായ ചെറുകിട സംരംഭകരെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതിയുടെ ഗുണം ഇതുവരെ 3,152 ആളുകള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.