Tue. Sep 10th, 2024
demonetisation in india

2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും

മോദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു 2016 നവംബറിലെ നോട്ടുനിരോധനം. അന്ന് ജനനംകൊണ്ട രണ്ടായിരത്തിന്‍റെ പിങ്ക് നിറമുള്ള നോട്ടിന് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം മരണമണി മുഴങ്ങുകയാണ്. കഴിഞ്ഞ മെയ് 19 ന് 2000 ന്‍റെ കറന്‍സി നോട്ട് പ്രചാരത്തില്‍ നിന്നു ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ആരംഭിച്ചതായുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുഗ്ലക്കിയന്‍ സാഹസികത ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ പലരും കരുതിയിരുന്നതിലും ആഴത്തിലുള്ളതാണെന്ന സത്യാവസ്ഥ ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടർന്ന് പ്രചാരത്തിലുണ്ടായിരുന്ന പണത്തിന്‍റെ മൂല്യം അതിവേഗം ഉയരുന്നതിനുവേണ്ടി മാത്രമാണ് ഇന്ത്യൻ നാണയ വ്യവസ്ഥയുടെ മൂല്യഘടനയിലേക്ക് പുതിയ കറൻസി നോട്ട് അവതരിപ്പിച്ചതെന്ന് സെൻട്രൽ ബാങ്ക് സമ്മതിച്ചു. 500, 1000 നോട്ടുകളുടെ പെട്ടെന്നുണ്ടായ നിരോധനം അന്നുവരെ ഉപയോഗത്തിലുണ്ടായിരുന്ന എല്ലാ കറന്‍സികളുടെയും മൂല്യം 86 % ശതമാനത്തിലധികം താഴേക്ക് കൂപ്പുകുത്തിയതാണ് പുതിയ നോട്ടുകളിറക്കുന്നതിനു ആര്‍ ബി ഐയെ പ്രേരിപ്പിച്ചത്. പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യം പെരുപ്പിച്ചു കാണിക്കുക എന്ന ലക്ഷ്യം സാധിച്ചു കഴിഞ്ഞാല്‍ ഈ നീക്കം കൊണ്ട് മറ്റൊരു ആവശ്യവുമില്ലെന്ന് ആര്‍ ബി ഐ യാതൊരു കൂസലുമില്ലാതെ അംഗീകരിക്കുകയാണിവിടെ. അതിനാല്‍ തന്നെ ഇന്ത്യന്‍ കറന്‍സികളുടെ ചരിത്രത്തില്‍ 2000 രൂപ കറന്‍സിയുടെ അത്ര ആയുസ്സ് കുറഞ്ഞ മറ്റൊന്നുണ്ടാകില്ല. ഈ അവസ്ഥ തുറന്നു കാണിക്കുന്നത് 2016 ലെ നോട്ടുനിരോധനം എത്രമാത്രം ധിക്കാരപരമായ തീരുമാനമായിരുന്നു എന്ന് കൂടിയാണ്. ആര്‍ ബി ഐ പറയുന്നതനുസരിച്ച് പുതിയ നോട്ടുകളില്‍ 89 % ശതമാനവും പുറത്തിറക്കിയത് 2017 മാര്‍ച്ചിനു മുന്‍പാണ്. 2017 മാര്‍ച്ചോടെ 2000 രൂപ കറന്‍സി പ്രചാരത്തിലുള്ള എല്ലാ കറന്‍സികളുടെയും മൂല്യത്തിന്‍റെ 50 % ശതമാനം വരും. നോട്ട് നിരോധനത്തിന്‍റെ ഫലമായി രൂപയുടെ മൂല്യഘടന വളരെ വഷളായെന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായമുണ്ട്.

demonetisation in india

എന്താണ് കറന്‍സി മൂല്യഘടനയുടെ പ്രാധാന്യം ?

നോട്ടുനിരോധനം ഇന്ത്യന്‍ കറന്‍സിയുടെ മൂല്യവ്യവസ്ഥയെ എത്രത്തോളം ലാഘവത്തോടെയാണ് പരിഗണിച്ചതെന്നു മനസ്സിലാക്കാന്‍ ആധുനിക സമ്പദ് വ്യവസ്ഥയിലെ പണത്തിന്‍റെ ഉദ്ദേശ്യമെന്തെന്ന് അറിയേണ്ടതുണ്ട്. അടിസ്ഥാന സാമ്പത്തിക ശാസ്ത്രം പറയുന്നതനുസരിച്ച് പണം വിനിമയ മാധ്യമമായും മൂല്യ സംഭരണത്തിനുള്ള വസ്തുവായും പ്രവര്‍ത്തിക്കുന്നുവെന്നാണ്. നിലവിലെ സമ്പദ് വ്യവസ്ഥയില്‍ പണമിടപാട് സുഖമാമാക്കുന്നതിന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഏകീകൃത പേയ്മെന്‍റ് ഇന്‍റര്‍ഫേസ്  ( യു പി ഐ ) പോലെയുള്ള വിനിമയ രീതികള്‍ക്ക് ഒരിക്കലും മൂല്യസംഭരണത്തിനുള്ളൊരു ഉപാധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. രണ്ടു വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന ഏത് രീതിയിലുള്ള പണമിടപാടുകള്‍ക്കും ചില വിനിമയ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത് കറന്‍സി മുഖേനയുള്ളതായാലും മറ്റ് രീതിയിലുള്ളതായാലും. പണം ഒരു വിനിമയത്തിനുള്ള സഹായി എന്ന നിലയില്‍ സുസ്ഥിരവും പ്രവചനാതീതവുമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായിരിക്കണം, അത് സാര്‍വത്രികമായി സ്വീകാര്യതയുള്ളതും വിനിമയത്തിന്‍റെ എല്ലാ മേഖലയിലും ഉപയോഗപ്രദവുമായിരിക്കേണ്ടതുണ്ട്. അതിലും പ്രധാനമായി ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ കൈമാറ്റത്തിന് സുസ്ഥിര മാധ്യമമായി കറന്‍സി പ്രവര്‍ത്തിക്കുകയും വേണം. നോട്ടുനിരോധനത്തിന്‍റെ ഫലമായി ഈ ഇടങ്ങളിലെല്ലാം രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനം ഗുരുതരമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ട്. തീര്‍ച്ചയായും പേയ്മെന്‍റ് രീതികള്‍ക്ക് കുറ്റമറ്റതായൊരു ഘടന ആവശ്യമാണ്, അങ്ങനെ മാത്രമേ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും വിനിമയം സുഗമമാകുകയുള്ളൂ. ഓരോ സംസ്ഥാനവും സൗകര്യാനുസരണം വ്യത്യസ്ത പേയ്മെന്‍റ് രീതികള്‍ ഉപയോഗിക്കുന്നത് ഇത്തരം വിനിമയങ്ങളുടെ  സുഗമമായ ഒഴുക്കിനെ ദുര്‍ഘടമായ പാതയിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യുന്നത്.

demonetisation

കഴിഞ്ഞ ദിവസം 2000 രൂപയുടെ നോട്ടിന്‍റെ ടെന്‍റര്‍ “ലീഗല്‍ ടെന്‍ററായി” നിലനില്‍ക്കുമെന്ന് ആര്‍ ബി ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ടെന്‍റര്‍ സുരക്ഷിതമല്ല  എന്ന ചിന്ത സാമ്പത്തിക ഏജന്‍റുമാര്‍ക്ക് സ്വാഭാവികമായി വരാവുന്നതാണ്. അങ്ങനെ വന്നാല്‍ ആര്‍ ബി ഐയുടെ വാദം നിലനില്‍ക്കാതെ വരും. 2016 ലെ അനുഭവങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ സെപ്തംബര്‍ വരെയുള്ള കാര്യങ്ങളുടെ സഞ്ചാരഗതി ഊഹിക്കാവുന്നതേയുള്ളൂ. അപ്പോഴും പ്രധാന പ്രശ്നമായി ജനങ്ങള്‍ക്കു മുന്നിലുള്ളത് ഭാവിയില്‍ നടത്താന്‍ പോകുന്ന ഇടപാടുകളില്‍ കൗണ്ടര്‍പാര്‍ട്ടികള്‍ 2000 ന്‍റെ നോട്ടുകള്‍ സ്വീകരിക്കുമോ എന്നതാണ്. മാത്രമല്ല, ഈ നോട്ടുകൾ 2023 സെപ്തംബർ 30 വരെ മാത്രമേ ബാങ്കുകളിൽ മാറ്റാനോ നിക്ഷേപിക്കാനോ കഴിയൂ എന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ, ആ തീയതിക്ക് മുന്‍പ് അവ ബാങ്കിൽ സമര്‍പ്പിക്കേണ്ടതിന്‍റെ തലവേദനകളും ചെലവും അനുഭവിക്കാൻ പൗരന്മാര്‍ തയ്യാറായിരിക്കില്ല. കൂടാതെ ഒരു തവണ പത്ത് നോട്ടുകള്‍ മാത്രമേ മാറാന്‍ കഴിയൂ എന്ന അനാവശ്യ പരിധി, കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

2016 നെ അനുസ്മരിപ്പിക്കും വിധം ഒട്ടേറെ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്നു മാറ്റിത്തുടങ്ങാം എന്ന പ്രഖ്യാപനം വന്നതിന്‍റെ തൊട്ടു പിന്നാലെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ എസ് ബി ഐ , ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേക ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം ദേശിയ കറന്‍സി കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്ക് ഈ വിഷയത്തില്‍ കടുത്ത നിശബ്ത പാലിക്കുകയാണ്. ഓരോ തവണയും പത്ത് നോട്ടുകളെന്ന പരിധി ബാങ്കുകളുടെ സമ്മര്‍ദം കുറയ്ക്കുമെന്ന അവകാശവാദം തീര്‍ത്തും യുക്തിരഹിതമാണ്. 2016 നവംബറിന് ശേഷമുള്ള മാസങ്ങളിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ബാങ്ക് ജീവനക്കാരില്‍ പലരും ജോലിക്കിടെ മരണപ്പെട്ടിട്ടുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

demonetisation banks

പിങ്ക് നോട്ടിന്‍റെ ലഘുചരിത്രം 

ലോകത്തെവിടെയും കറൻസികളുടെ മൂല്യശ്രേണി പരമാവധി ദ്രവ്യത ഉറപ്പാക്കുന്നതിനുള്ള യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നോട്ടു നിരോധനത്തിനു മുന്‍പ്, ഇന്ത്യന്‍ കറന്‍സി വ്യവസ്ഥയുടെ നെടുംതൂണ്‍ 500 രൂപയുടെ നോട്ടായിരുന്നു, ഏതാണ്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പത്തെ 100 രൂപ നോട്ടു പോലെ, സമ്പദ് വ്യവസ്ഥയിലെ കുറഞ്ഞ പൊതുവിലനിലവാരത്തെയും അതുപോലെ അതിന്‍റെ വലിപ്പത്തിലുണ്ടായിരുന്ന സാമ്യതയേയും പ്രതിഫലിപ്പിക്കുന്നു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 500 രൂപ കറന്‍സികള്‍ ആകെ മൂല്യത്തിന്‍റെ പകുതിയോളം വരും. 500, 1000 എന്നീ രണ്ടു കറന്‍സികളും ചേര്‍ന്ന് ആകെ മൂല്യത്തിന്‍റെ 86.4% ശതമാനവും; ഇതോടൊപ്പം 100 ന്‍റെ കറന്‍സികള്‍ കൂടി ചേരുമ്പോള്‍ ആകെ മൂല്യത്തിന്‍റെ ഏതാണ്ട് 96% ശതമാനവുമാകും. പ്രചാരത്തിലുള്ള മൊത്തം കറൻസി മൂല്യത്തിൽ 2000 രൂപ നോട്ടുകളുടെ വിഹിതം വെറും 10.8% ശതമാനമായി കുറഞ്ഞുവെന്നാണ് ഇപ്പോൾ ആർബിഐ പറയുന്നത്. കഴിഞ്ഞ മാർച്ചിൽ 500 രൂപ നോട്ടിന്‍റെ വിഹിതം പ്രചാരത്തിലുള്ള എല്ലാ കറൻസികളുടെയും മൂല്യത്തിന്‍റെ നാലിലൊന്നായിരുന്നു. 2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും.

2000 indian currency

കറന്‍സികളുടെ മൂല്യശ്രേണിക്രമം ചില യുക്തികളെ അടിസ്ഥാനമാക്കിയുള്ളതാണ്. നോട്ട് നിരോധനത്തിനു മുമ്പ്, ശ്രേണിയിലെ ഏറ്റവും ഉയർന്ന മൂല്യവും അടുത്ത മൂല്യവും തമ്മിലുള്ള അകലം കൃത്യമായി ഇരട്ടിയായിരുന്നു എന്നത് ശ്രദ്ധിക്കുക. 2,000 രൂപ നോട്ടിന്‍റെ വരവും 1,000 രൂപ നോട്ട് അസാധുവാക്കിയതും ഏറ്റവും ഉയർന്ന രണ്ട് മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം നാല് മടങ്ങായി വർദ്ധിപ്പിച്ചു. 2,000 രൂപ നോട്ട് ഉയർന്ന മൂല്യമുള്ള ഒരു സംഭരണോപാധിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, അതിന്‍റെ ദ്രവ്യത ഗണ്യമായി കുറഞ്ഞുവെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. അതുകൊണ്ടാണ്, അതിന്‍റെ ചുരുങ്ങിയ കാലയളവില്‍ പോലും അധികമാരും 2000 രൂപ നോട്ടിനെ ആശ്രയിക്കാതിരുന്നത്. 2016 ൽ നോട്ട് പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ, ബെംഗളുരുവിൽ കറൻസി നോട്ടുകളുമായി വന്ന ഒരു വാൻ, ഡ്രൈവർ തട്ടിയെടുത്തെങ്കിലും പുതിയ പിങ്ക് നോട്ടുകൾ മാത്രമാണുള്ളതെന്ന് മനസ്സിലാക്കിയ ശേഷം അത് ഉപേക്ഷിക്കുകയുണ്ടായി. കറന്‍സി മൂല്യശ്രേണിയിലെ രണ്ടു മുന്‍നിര കറന്‍സികളുടെ മൂല്യങ്ങള്‍ തമ്മിലുള്ള അകലം രണ്ടു മടങ്ങില്‍ നിന്നു നാലു മടങ്ങായി വര്‍ധിച്ചപ്പോള്‍, 500 രൂപ നോട്ടിന്മേലുള്ള സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. കാരണം ഈ നോട്ടുകളുടെ വലിയൊരു ഭാഗവുംലു ദ്രവരൂപത്തിള്ള 2000 രൂപ നോട്ടിനെ പിന്തുണയ്ക്കുന്നതാണ്. അതായത്, ഇടപാടുകൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുപകരം, 500 രൂപ നോട്ടുകളുടെ ഗണ്യമായ അനുപാതം 2,000 രൂപ നോട്ടിന്‍റെ വിനിമയം സുഗമമാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. അതിനാല്‍ മറ്റു നോട്ടുകള്‍, പ്രധാനമായും 500 രൂപ നോട്ട് കൈവശം വയ്ക്കാതെ ഒരാൾക്ക് 2,000 രൂപ നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഏറ്റവും ഉയർന്ന മൂല്യമുള്ള പുതിയ നോട്ട് കൈവശം വയ്ക്കാൻ ആരും ആഗ്രഹിക്കാത്തതിന്‍റെ പ്രധാന കാരണം ഇതാണ്.

നോട്ടുനിരോധനത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന കറന്‍സി മൂല്യവ്യവസ്ഥയില്‍, 500 രൂപ നോട്ടിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. കാരണം അവ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതും മൂല്യ സംഭരണത്തിനുതകുന്നതുമായിരുന്നു. ഇതേ സ്കീമില്‍ തന്നെ 1000 രൂപ നോട്ട് താരതമ്യേന ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കൊരു ഉപാധിയായി പ്രവര്‍ത്തിച്ചുവന്നു. താരതമ്യേന ഉയർന്ന മൂല്യം എന്നതുകൊണ്ട് കറൻസിയുടെ സിംഹഭാഗം കൈവശമുള്ളവരെ ഇവിടെ അർത്ഥമാക്കുന്നില്ലായെന്നത് ശ്രദ്ധിക്കണം. ഇന്ത്യയുടെ ദേശീയവരുമാനത്തിന്‍റെ പകുതിയോളം അനൗപചാരിക പ്രവർത്തനങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നുകരുതുക, അപ്പോള്‍ താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകളില്‍ പങ്കെടുക്കുന്നവർ ഉയർന്ന വരുമാനമുള്ളവരോ സമ്പന്നരോ ആയിരിക്കണമെന്നില്ല.

demonetisation

2000 രൂപ നോട്ടിന്‍റെ ആശയത്തിന് കറൻസി മാനേജ്‌മെന്‍റിന്‍റെ ഏതെങ്കിലും തത്വങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പകരം, അത് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതുമാണെന്ന് വ്യക്തമാണ്. കൂടാതെ, കറന്‍സികളുടെ മൂല്യശ്രേണിയെ നിയന്ത്രിക്കുന്ന വ്യവസ്ഥാപിത  തത്വങ്ങളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് സര്‍ക്കാര്‍ ഈ ധിക്കര നടപടിയിലേക്കെത്തിയതെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2017 മാർച്ചോടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ പകുതിയിലധികവും 2,000 രൂപ നോട്ടുകളായിരുന്നു. പിന്നീടാണ് 200 രൂപ നോട്ട് ആര്‍ ബി ഐ പ്രചാരത്തിലേക്ക് കൊണ്ടുവരുന്നത്, കറൻസികളുടെ ലോകത്ത് 200 എന്നതൊരു വിചിത്രമായ സംഖ്യയായിരുന്നു. കൂടാതെ അവ  മൂല്യത്തില്‍ അല്പം ചെറുതുമായിരുന്നു. ആ സമയങ്ങളില്‍  ഭൂരിഭാഗം ജനങ്ങളും  ആശ്രയിച്ചിരുന്ന 500 രൂപയ്ക്ക് ചെറിയ രീതിയിലുള്ള പിന്തുണ നൽകിക്കൊണ്ട് പണലഭ്യത വേഗത്തിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 200 ന്‍റെ നോട്ടുകളും നയിക്കപ്പെട്ടത്. 2018 ഓടെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ എണ്ണം ഏകദേശം 336.3 കോടി (3.363 ബില്യൺ) ആയി ഉയര്‍ന്നു, എന്നാൽ 2022 മാർച്ചായപ്പോഴേക്കും ഈ നോട്ടുകളുടെ മൂന്നിലൊന്നിൽ കൂടുതൽ പിൻവലിക്കുകയും ചെയ്തു.

ആർ ബി ഐയുടെ സമീപകാല പ്രസ്താവന 2000 രൂപ നോട്ട് പിൻവലിച്ചതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്, അവരുടെ ക്ലീൻ നോട്ട് നയം അനുസരിച്ച് അഞ്ചു വർഷത്തെ ആയുസ്സ് കഴിയുന്ന നോട്ടുകൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് അവകാശപ്പെടുന്നു. ഏതായാലും, ക്ലീൻ നോട്ട് നയത്തിന് കറന്‍സിയുടെ ഉപയോഗവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയാം; അത് യഥാർത്ഥത്തിൽ അതിന്‍റെ ഉദ്ദേശ്യം നിറവേറ്റുന്നുണ്ടെങ്കില്‍, ആർ ബി ഐ ചെയ്യേണ്ടത് പഴയ നോട്ടുകൾ മാറ്റി പുതിയവ നൽകുക എന്നതാണ്.

new indian currency

സ്വയം വരുത്തിവച്ച പ്രതിസന്ധി

നവംബറിൽ (2016 ) പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം പെട്ടെന്ന് ഇല്ലാതായത്, പണലഭ്യതയിൽ അഭൂതപൂർവമായ തകർച്ചയ്ക്ക് കാരണമായി. ഇങ്ങനെ സ്വയം വരുത്തിവെച്ച പ്രതിസന്ധി, ലോകം അധികം കണ്ടിട്ടില്ലാത്തതാണ്. നോട്ടുനിരോധനം നടന്ന സമയത്ത് പിങ്ക് നോട്ടിന്‍റെ നിർമ്മാണത്തിനാണ് കൂടുതല്‍ മുൻഗണന നൽകിയത് – നോട്ടുനിരോധനത്തിനു തൊട്ടുപിന്നാലെയുള്ള മാസങ്ങളിൽ 500 രൂപ നോട്ട് എവിടെയും കാണാനില്ലെന്ന സത്യം ഇന്ത്യക്കാർ ഓർക്കുന്നുണ്ടാകും. ഈ ദുരന്തം നടന്ന് നാലു മാസങ്ങൾക്ക് ശേഷം 2017 മാർച്ച് അവസാനത്തോടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം യഥാർത്ഥത്തിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 20% കുറവായിരുന്നു എന്ന വസ്തുതയിൽ നിന്ന് പണലഭ്യതയ്ക്ക് വന്ന തകർച്ചയുടെ വ്യാപ്തി കണക്കാക്കാവുന്നതാണ്. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, 2018 മാർച്ച് അവസാനത്തോടെ, പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 10% കൂടുതലായിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായതിനേക്കാളും അല്ലെങ്കിൽ പണപ്പെരുപ്പ നിരക്ക് നിർദ്ദേശിക്കുന്നതിനേക്കാളും വളരെ കുറവാണെന്നതാണ്.

demonetisation protest

 2000 രൂപ നോട്ടിന്‍റെ നിരോധനം മുൻകൂട്ടി നിശ്ചയിച്ചതാണ്. ആദ്യ നോട്ടുനിരോധനത്തിന്‍റെ അനന്തരഫലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയരത്തെഴുന്നേല്‍പ്പിന്, 1000 രൂപ നോട്ട് തിരികെ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. വിലനിലവാരത്തിലെ വർധനയും സമ്പദ്‌വ്യവസ്ഥയുടെ വികാസവും കണക്കിലെടുക്കുമ്പോൾ, തളര്‍ച്ചയാണെങ്കിലും, 500 രൂപ നോട്ടിന്, പ്രത്യേകിച്ച് താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് പിന്തുണ നൽകേണ്ടത് അടിയന്തിരമായ ആവശ്യമാണ്. എന്നാൽ താരതമ്യേന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സ്വയമേവ വരേണ്യവർഗത്തിന്‍റെ ഇടപാടുകളും അവരുടെ അനധികൃത സമ്പാദ്യവും മാത്രമല്ലെന്ന് മോദി ഭരണത്തോട് ആരാണ് പറയുക ? ദുരന്ത തീരുമാനത്തിനു പിന്നിലെ യുക്തിയില്ലായ്മയെ മനസിലാക്കേണ്ടതില്ലെന്ന അബദ്ധ ചിന്ത മാത്രമാണ് 1000 രൂപ തിരിച്ചുകൊണ്ടു വരുന്നതില്‍ നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ കള്ളപ്പണത്തിന്‍റെ പര്യായമാണെന്ന യുക്തി ഒരാൾ അംഗീകരിച്ചാലും, 2016 ൽ അതിലും ഉയർന്ന മൂല്യമുള്ള (2000) ഒരു മൂല്യം അവതരിപ്പിക്കുന്നതിൽ എന്താണ് യുക്തിയുള്ളത് ? പ്രഭാത് പട്‌നായിക്, പ്രണബ് സെൻ, അരുൺ കുമാർ, ജയതി ഘോഷ് തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധർ കള്ളപ്പണമെന്നത് സംഭരണത്തില്‍ ഒതുങ്ങുന്നവയല്ല, അതൊരു ഒഴുക്കാണെന്ന വസ്തുത വർഷങ്ങളായി ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നതാണ്.

modi sha

അധികമാരും കാണാതെ പോയ നോട്ട് നിരോധനത്തിന്‍റെ മറ്റൊരു വശം, ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള സമ്പത്തിന്‍റെ കൈമാറ്റത്തെ അത് ത്വരിതപ്പെടുത്തി എന്നുള്ളതാണ്. ഇത് ദരിദ്രരെ കൂടുതല്‍ കഷ്ടപ്പെടുത്തി, പലരെയും ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുന്നതിനു വരെ കാരണമായി. തിരിഞ്ഞുനോക്കുമ്പോള്‍ 2016 ലെ നോട്ടുനിരോധനം ഇന്ത്യയിലെ ദരിദ്രരെ ആവര്‍ത്തിച്ചു ബാധിക്കുന്ന ഒരു വന്‍ദുരന്തത്തില്‍ ആദ്യത്തേതാണ്. വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂവെങ്കിലും , ചരിത്രത്തിലെ എല്ലാ നോട്ടു നിരോധനങ്ങളും സംഭവിച്ചത് ഉയര്‍ന്ന പണപ്പെരുപ്പം കൂടുതലുണ്ടായിരുന്ന രാജ്യത്താണ്. ഒരു സാമ്പത്തിക നയമെന്ന നിലയില്‍ നോക്കിയാലും നോട്ട് നിരോധനം കൊണ്ട് യാതൊരുവിധ നേട്ടങ്ങളും ഇന്ത്യയിലുണ്ടായിട്ടില്ല. വാസ്‌തവത്തിൽ, സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സാധാരണ പാഠപുസ്തകവും നോട്ട് നിരോധനത്തെക്കുറിച്ച് ഒരു പരാമർശം പോലും നടത്തുന്നില്ല. പക്ഷേ മോദി ചിന്തിച്ചത് മറിച്ചാണ്, അതിനു രാജ്യം വലിയ വിലയും നൽകേണ്ടി വന്നു. നോട്ട് നിരോധനം സാരമായി ബാധിച്ച അതേ വിഭാഗങ്ങൾ, പ്രത്യേകിച്ചും ഗ്രാമ, നഗര പ്രദേശങ്ങളിലെ ചെറുകിട, അനൗപചാരിക വ്യാപാരങ്ങളിലേര്‍പ്പെടുന്നവര്‍ 2017-ൽ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിന്‍റെ ഫലമായും, പിന്നീട് 2020 ല്‍ പകര്‍ച്ചവ്യാധിയുടെ കാരണത്താലും, ഇടവേളകളില്ലാതെ തിരിച്ചടികള്‍ നേരിട്ടു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കെ ആകൃതിയിലുള്ള (K – shape) വളർച്ച, ഭൂരിഭാഗം ഇന്ത്യന്‍ ജനങ്ങളുടെയും ഉപജീവനമാർഗത്തെ തളര്‍ച്ചയിലേക്ക് നയിച്ചപ്പോഴും സമൂഹത്തിലെ ഒരു നേർത്ത വിഭാഗത്തെ വളരെ നന്നായി ഉയര്‍ത്തുന്നതായി കാണാം, ഇത് ഇന്ത്യയില്‍ വർദ്ധിച്ചു വരുന്ന അസമത്വത്തിന്‍റെ നേര്‍സാക്ഷ്യമാണ്. 

THE WIRE നു വേണ്ടി വി ശ്രീധര്‍ രചിച്ച ലേഖനത്തിന്‍റെ സംഗ്രഹം   

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി