Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു . പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു.ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം.

ഇതേ ഡ്രെയ്നേജിൽ ആളുകൾ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് സ്ലാബിടൽ നടപടികൾ പൂർത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.