Fri. Apr 26th, 2024
റോം:

കാലാവസ്​ഥ വ്യതിയാനത്തിനെതിരെ പൊരുതാനുറച്ച്​ രണ്ടുദിവസമായി ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിക്ക്​ സമാപനം. കാർബൺ വാതകം പുറന്തള്ളുന്നത്​ കുറക്കാനും കൽക്കരി നിലയങ്ങൾ നിർമിക്കുന്നത്​ അവസാനിപ്പിക്കാനും തീരുമാനിച്ച്​ ജി20 നേതാക്കൾ പിരിഞ്ഞത്​.

വിദേശരാജ്യങ്ങളിൽ കൽക്കരി ഊർജനിലയങ്ങൾ സ്​ഥാപിക്കുന്നതിന്​ സാമ്പത്തിക സഹായം നൽകുന്നത്​ അവസാനിപ്പിക്കാൻ ജി20 രാജ്യങ്ങൾ തീരുമാനിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ ഉറവിടമാണ്​ കൽക്കരി. അതേസമയം, ആഭ്യന്തര ഉർജ ഉൽപ്പാദനത്തിനായി കൽക്കരി നിലയങ്ങൾ സ്​ഥാപിക്കുന്നതിന്​ തൽകാലം വിലക്കില്ല.

കൽക്കരി നിലയങ്ങൾ അവസാനിപ്പിച്ച്​ പകരം പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനുള്ള നിർദേശമാണ്​​ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ​ദ്രാഗി മുന്നോട്ടുവെച്ചത്​. ലഭ്യമായ പ്രകൃതി വിഭവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സാ​ങ്കേതിക വിദ്യകളും ജീവിതരീതികളും അദ്ദേഹം ആവശ്യപ്പെട്ടു.

കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ പ്രതിവർഷം 100,00കോടി ഡോളർ നൽകുമെന്ന വാഗ്​ദാനവും ആവർത്തിച്ചു. 2050ഓടെ കാർബൺ വാതകം പുറന്തള്ളുന്നത്​ പൂർണമായി കുറക്കാൻ ശ്രമിക്കുമെന്ന്​ ചില രാജ്യങ്ങൾ ഉറപ്പുനൽകി. ​2060 ഓടെ ഈ ലക്ഷ്യം നേടാമെന്ന്​ ചൈന,റഷ്യ, സൗദി അറേബ്യ രാജ്യങ്ങളും പറഞ്ഞു.