ന്യൂഡൽഹി:
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മോദിസർക്കാർ വഴി തുറക്കാത്തതിൽ ഏറക്കാലമായി അമർഷവും ആശങ്കയുമായി കഴിഞ്ഞ ക്രൈസ്തവ സഭകൾ ആഹ്ളാദത്തിൽ. നരേന്ദ്ര മോദി ഭരണകൂടവുമായി ബന്ധം ഊഷ്മളമാവുമെന്ന ക്രൈസ്തവ സഭയുടെ പ്രത്യാശയിലേക്കു കൂടി വഴി തുറക്കുന്നതാണ് വത്തിക്കാൻ പാലസിൽ നടന്ന പോപ്, മോദി കൂടിക്കാഴ്ച.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ കാണാൻ വത്തിക്കാൻ പാലസിലെത്തിയത്. രാഷ്ട്രനേതാക്കൾ പരസ്പരം കണ്ടുമുട്ടുമ്പോൾ ആതിഥേയനെ അതിഥി സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കുന്നത് യഥാർത്ഥത്തിൽ പതിവു നയതന്ത്ര കീഴ്വഴക്കമാണ്. അതേസമയം, ഇന്ത്യ സന്ദർശനത്തിന് മാർപാപ്പയെ ഇതുവരെ മോദിസർക്കാർ ഔപചാരികമായി ക്ഷണിക്കാത്തതിൽ ക്രൈസ്തവ സഭക്കുള്ള അമർഷവും അകൽച്ചയും നീക്കുന്ന ചുവടുവെപ്പു കൂടിയായി അത്.
ഇന്ത്യയിലെ ന്യൂനപക്ഷ, സാമുദായിക സാഹചര്യങ്ങളെക്കുറിച്ച കടുത്ത വിമർശനങ്ങൾക്കിടയിൽ അന്താരാഷ്ട്ര തലത്തിലെ പ്രതിഛായ നിർമാണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കൂടിക്കാഴ്ചയിൽ ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ക്രൈസ്തവർക്ക് ഗണ്യമായ സ്വാധീനമുള്ള ഗോവയിൽ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് പ്രയോജനപ്പെടുന്നതാണ് മാർപാപ്പക്കുള്ള ക്ഷണമെന്ന് ബി ജെ പി വിലയിരുത്തുന്നുണ്ട്.
സ്വാധീനമുറപ്പിക്കാൻ കഴിയാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ പിന്തുണയിലും കണ്ണുണ്ട്. പല കാരണങ്ങളാൽ മോദിസർക്കാറുമായി കെട്ടുറപ്പുള്ള പാലം വേണമെന്ന ചിന്ത ക്രൈസ്തവ സഭാ നേതൃതലത്തിൽ ശക്തവുമാണ്.