കൊച്ചി:
നഗര മാലിന്യത്തിൽ നിന്നു ചെലവു കുറഞ്ഞ ഹരിത വാഹന ഇന്ധനവും ജൈവ വളവും ഉല്പാദിപ്പിക്കുന്ന,ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുടെ ‘വേസ്റ്റ് ടു എനർജി’ പദ്ധതിയോടു മുഖം തിരിച്ചു സംസ്ഥാന സർക്കാർ. കൊച്ചിയിലും തിരുവനന്തപുരത്തും പ്ലാന്റ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചു ഗെയ്ൽ അധികൃതർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായും തദ്ദേശ ഭരണാധികാരികളുമായും ചർച്ച നടത്തിയിട്ടു മാസം രണ്ടായിട്ടും പ്രതികരണമില്ല.പ്ലാന്റിനായി 8 – 10 ഏക്കർ സ്ഥലം കൈമാറണമെന്ന ഗെയ്ൽ ആവശ്യത്തോടാണ് എതിർപ്പെന്നാണു സൂചന.
ഗാർഹിക, വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഖരമാലിന്യം സംസ്കരിച്ചു ജൈവ വാഹന ഇന്ധനമായ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉല്പാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവു പൂർണമായി ഗെയ്ൽ വഹിക്കും. സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ പ്ലാന്റ് നിർമാണത്തിനും നടത്തിപ്പിനും പണം മുടക്കേണ്ട ആവശ്യമില്ല.30 – 35 കോടി രൂപയാണ് ഒരു പ്ലാന്റിന്റെ നിർമാണച്ചെലവ്.
30 വർഷം പ്ലാന്റ് നടത്തിപ്പും ഗെയ്‌ൽ നിർവഹിക്കും. പദ്ധതി സൗജന്യമാണെങ്കിലും ആവശ്യമായ സ്ഥലം കൈമാറാൻ കഴിയില്ലെന്നാണു ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും നിലപാടെന്നറിയുന്നു. മാലിന്യത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഗ്യാസ് സിഎൻജി പോലെ വാഹന ഇന്ധനമായി ഉപയോഗിക്കാം. കിലോഗ്രാമിനു 46 രൂപയാണു വില നിശ്ചയിച്ചിരിക്കുന്നത്.പക്ഷേ, ഇത് 2029 മാർച്ച് 31 വരെയാണു ബാധകം.