Wed. Jan 22nd, 2025
വാഷിങ്ടണ്‍:

 

അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലിബാന് കഴിയണമെന്ന് ഇന്ത്യയും അമേരിക്കയും. അൽ-ഖായ്ദ, ഐഎസ്, ലഷ്കറെ-തയ്ബ, ജയ്ഷെ-മുഹമ്മദ് എന്നിവയടക്കം എല്ലാ ഭീകരസംഘടനകൾക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും വാഷിങ്ടണില്‍ ചേര്‍ന്ന യുഎസ്–ഇന്ത്യ-ഭീകരവിരുദ്ധ സംയുക്തസമിതി ആവശ്യപ്പെട്ടു.

ഇന്ത്യൻ വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറിയായ മഹാവീർ സിങ്‌വി, യുഎസ് ഭീകരവിരുദ്ധ വിഭാഗം ആക്ടിങ് കോ–ഓർഡിനേറ്റർ ജോൺ ടി ഗോഡ്ഫ്രേ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ എത്രയും വേ​ഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ധാരണയായി.

അതിനിടെ അഫ്​ഗാനിസ്ഥാനില്‍ സാമ്പത്തികപ്രതിസന്ധിയും ദാരി​ദ്ര്യവും അതിരൂക്ഷമാണെന്നും രാജ്യത്തിന് വിദേശ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ വിട്ടുകിട്ടണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

യുഎസ് ഫെഡറൽ റിസർവിലും യൂറോപ്പിലെ സെൻട്രൽ ബാങ്കുകളിലുമായി അഫ്ഗാനിസ്ഥാൻ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ആ​ഗസ്തില്‍ താലിബാൻ ഭരണം പിടിച്ചതിനുപിന്നാലെ ഈ സമ്പാദ്യം രാജ്യങ്ങള്‍ മരവിപ്പിച്ചിരുന്നു.

പണം അഫ്​ഗാന്റേതാണെന്നും അത് വിട്ടുനല്‍കാത്തത് അധാർമികവും അന്താരാഷ്ട്ര നിയമങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അഫ്​ഗാനിസ്ഥാനില്‍നിന്ന് യൂറോപ്പിലേക്ക് വൻതോതിൽ കുടിയേറ്റം ഉണ്ടാകുമെന്ന് അഫ്ഗാൻ സെൻട്രൽ ബാങ്കിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മുന്നറിയിപ്പ് നല്‍കി.