Fri. Nov 22nd, 2024
ഹൈദരാബാദ്:

ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തിയുള്ള പൊലീസിന്റെ ഫോൺ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രകടമായ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പരിശോധന. ഇരുചക്രവാഹനങ്ങൾ നിർത്തി, അവരുടെ ഫോൺ കാണിക്കാൻ ആവശ്യപ്പെടുന്നതും ശേഷം സെര്‍ച്ച് ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

പരിശോധനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൗത്ത് സോൺ ഡിസിപി ഗജ്‌റാവു ഭൂപാൽ പറയുന്നതനുസരിച്ച്, അസദ്ബാബ നഗർ പ്രദേശത്ത് 100-ലധികം പൊലീസുകാർ തിരച്ചിൽ നടത്തി. 58 വാഹനങ്ങളും പരിശോധിച്ചു.