Fri. Nov 22nd, 2024
പനമരം:

ടൗണിലും പരിസരത്തും മാലിന്യം തള്ളുന്നവരെയും മറ്റും കണ്ടെത്താനായി ലക്ഷങ്ങൾ മുടക്കി ടൗണിൽ വിവിധയിടങ്ങളിൽ ഇരുപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. ടൗണിലും പ്രധാന പാതയോരങ്ങളിലും പുഴയിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മാലിന്യം കൊണ്ടു നിറയുകയാണ്. മാത്തൂർ വയലിന് സമീപത്തെ ചെറിയ പുഴയോടു ചേർന്നുള്ള പാതയോരം മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നുണ്ട്.

ടൗണിലടക്കം മാലിന്യം തള്ളൽ വ്യാപകമായിട്ടും ഒരാളെ പോലും പിടികൂടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന കിടക്കകൾ വരെയാണ് ടൗണിൽ കൊണ്ടുവന്നു തള്ളുന്നത്. രാത്രികാലങ്ങളിൽ മാലിന്യം വാഹനങ്ങളിൽ എത്തിച്ച് ടൗണിലും പുഴയിലും തള്ളുന്നു.

മുൻപ് മറ്റു ജില്ലകളിൽ നിന്നടക്കം ആശുപത്രി മാലിന്യങ്ങളുൾപ്പെടെയുള്ളവ ചുരം കയറി പനമരത്തേക്ക് എത്തിയിരുന്നു. പലതവണയായി നാട്ടുകാരുടെ സഹകരണത്തോടെ വാഹനം പിടിക്കപ്പെട്ടതോടെ മാലിന്യം എത്തുന്നത് കുറഞ്ഞിരുന്നു.എന്നാൽ അടുത്ത കാലത്തായി വീണ്ടും ഇത്തരം പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഏജന്റുമാർ വഴിയാണ് മറ്റു ജില്ലകളിൽ നിന്ന് വൻതോതിൽ പനമരത്തേക്ക് മാലിന്യം എത്തുന്നത്. ഇത് പുറത്തുള്ള സ്വകാര്യ വ്യക്തികൾ വാങ്ങിക്കൂട്ടി കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലെത്തിച്ചു തള്ളുന്നതായുള്ള ആരോപണവുമുണ്ട്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് ടൗണിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും കനത്ത ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.