Fri. Apr 19th, 2024
കാസര്‍കോട്:

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ് നിർമ്മാണം അവസാനഘട്ടത്തിലെത്തി. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണ് പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

കൊവിഡ് തീവ്രമായ കാലത്ത് ജില്ലയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. അത് ആവര്‍ത്തിക്കരുതെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ജില്ലയ്ക്ക് സ്വന്തമായി ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന ആശയത്തിന്റെ പിറവി. ഒരു കോടി 87 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റിന്റെ നിര്‍മാണം.

പ്രതിദിനം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് ചട്ടഞ്ചാലില്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക.വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥാലത്താണ് പ്ലാന്റിന്റെ നിര്‍മാണം. ജില്ലാ പഞ്ചായത്തിന്റെ അന്‍പത് ലക്ഷം രൂപയ്ക്ക് പുറമെ ജില്ലയിലെ മുഴുവന്‍ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി സ്ഥാപിക്കുന്നത്. കൊച്ചി ആസ്ഥാനായ കെയര്‍ സിസ്റ്റംസിനാണ് കാസര്‍കോട്ടെ പ്ലാന്റിന്റെ നിര്‍മാണച്ചുമതല.