Mon. Dec 23rd, 2024
ബേഡകം:

മലയോരത്തിന്റെ ജലശേഖരണത്തിന്‌ നബാർഡ്‌ പദ്ധതിയിൽ തയ്യറാക്കിയ ചേരിപ്പാടി നീർത്തടപദ്ധതി വലിയ നേട്ടത്തിലേക്ക്‌. പത്തുവർഷമായി തുടങ്ങിയ പദ്ധതിയിൽ 625 ഹെക്ടർ പ്രദേശത്തെ ഭൂമി കുളിരണിഞ്ഞു.
കമ്മാളംകയ, മരുതളം, ജയപുരം, കുട്യാനം, ചേരിപ്പാടി, പിണ്ടിക്കടവ്‌ തുടങ്ങി എട്ടുചെറു നീർത്തടങ്ങൾ ചേർന്നതാണ്‌ ചേരിപ്പാടി നീർത്തടപദ്ധതി. ഇവിടങ്ങളിലെ തോടുകളിൽ ചെറുതടയണ, കുളം എന്നിവ നിർമിച്ചാണ്‌ വെള്ളം ഭൂമിയിലേക്ക്‌ ഇറക്കിയത്‌.

വേനലിൽ വരളുന്ന പല ഉറവകളും പദ്ധതിയുടെ ഭാഗമായി നിറഞ്ഞൊഴുകി.മഴയിൽ ചേരിപ്പാടി തോടുവഴി വാവടുക്കം പുഴയിലേക്ക് വേഗത്തിൽ ഒഴുകുന്ന വെള്ളം ഭൂമിക്കടിയിലേക്ക്‌ താഴ്ത്തുകയാണ്‌ കുളങ്ങളുടെയും തടയണകളുടെയും മുഖ്യ ഉദ്ദേശം. തടയണയിലും 425 ഇടങ്ങളിലായി നിർമിച്ച കുളങ്ങളിലുമാണ്‌ വെള്ളത്തെ തടഞ്ഞിട്ടത്‌. ഏഴുമീറ്റർ നീളത്തിലും രണ്ടുമീറ്റർ ആഴത്തിലും രണ്ടുമീറ്റർ ഉയരത്തിലുമാണ്‌ കുളം നിർമിച്ചത്‌. ഇതോടൊപ്പം അരുവികളുടെ കരയിൽ ഓട്ടനട്ട്‌ മണ്ണൊലിപ്പും തടഞ്ഞു.

നബാർഡ്‌ പദ്ധതിയിൽ കുളം നവീകരണം, ജീവനോപാധി മെച്ചപ്പെടുത്തൽ, വനവൽക്കരണം എന്നിവയുമുണ്ട്‌. എട്ട്‌ ചെറുനീർത്തട കമ്മിറ്റികളുടെ പ്രതിനിധികൾ ചേർന്ന്‌ നീർത്തട പദ്ധതിയുടെ മുഖ്യകമ്മിറ്റിയുമുണ്ട്‌. നബാർഡിന്റെ നിർവഹണ ഏജൻസിയായി നീലേശ്വരത്തെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് എന്ന എൻജിഒയാണ്‌ സാങ്കേതിക സഹായം.വർഷങ്ങളായി വറ്റിക്കിടന്ന ജലസ്രോതസ്സുകൾ സജീവമായി. കൃഷിയ്‌ക്കും കുടിവെള്ളത്തിനും അതിന്റെ ഗുണമുണ്ടായി. മഴ പെയ്‌താൽ നിമിഷങ്ങൾക്കകം വെള്ളം പുഴയിൽ ചേരുന്നത്‌, വൈകിപ്പിച്ച്‌, മണ്ണിലേക്ക്‌ ആഴ്‌ത്താനുള്ള നീർത്തട പദ്ധതി ഇവിടെ വിജയം കണ്ടു.