Fri. Mar 29th, 2024
കൊല്ലം:

പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ട് കയർ മേഖല. കയറ്റുമതി മുടങ്ങി, മിക്കയിടത്തും ഉല്പാദനം നിലച്ചു. പ്രവർത്തന മൂലധനവും പ്രൊഡക്‌ഷൻ മാനേജ്മെന്റ് ഇൻസന്റീവും ലഭിക്കാതെ സഹകരണ സംഘങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിലായി. കയർ ഉല്പാദക സഹകരണ സംഘങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം സർക്കാർ കെട്ടിവരിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.

ബാങ്ക് വായ്പയും മറ്റും വാങ്ങി, കമ്മിറ്റി തീരുമാനം അനുസരിച്ചു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല. ഉല്പാദിപ്പിക്കുന്ന മുഴുവൻ കയറും കയർഫെഡിന് നൽകണം. നിശ്ചയിച്ചിരിക്കുന്ന വില കയർ ഫെഡ് നൽകില്ല.റണ്ണേജ് കുറവ്, ഉണക്ക് കുറവ് തുടങ്ങിയ കുറ്റങ്ങൾ പറഞ്ഞാണ് വില കുറയ്ക്കുന്നത്.

ഉല്പാദന ചെലവിനു ആനുപാതികമായി വില ലഭിക്കാത്തതിനാൽ സർക്കാർ നൽകുന്ന പ്രവർത്തന മൂലധനത്തെ ആശ്രയിച്ചാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രവർത്തന മൂലധനം മുടങ്ങിക്കിടക്കുകയാണ്
വിലയുടെ 10% തുക പ്രൊഡക്‌ഷൻ മാനേജ്മെന്റ് ഇൻസന്റീവ് (പിഎംഐ) ആയി ലഭിക്കേണ്ടതാണ്. പിഎംഐ തുക ബോണസ് നൽകാൻ പാടില്ലെന്നാണ് നിർദേശം. ഓണക്കാലത്ത് മിക്ക സംഘങ്ങളും രണ്ടുമാസത്തെ ശമ്പള വിതരണം മുടക്കിയ ശേഷം ആ തുകയാണ് ബോണസ് ആയി വിതരണത്തിന് ഉപയോഗിച്ചത്.