Mon. Dec 23rd, 2024

പെരിന്തൽമണ്ണ:

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക. എല്ലാ സ്കൂളുകളിലേക്കും നൽകാനുള്ള തെർമൽ സ്കാനറുകൾ വിദ്യാഭ്യാസ വകുപ്പാണ് സജ്ജമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ ശരീര താപനില അളക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിച്ച തെർമൽ സ്കാനറുകളാണ് സ്കൂളുകളിലേക്ക് ലഭ്യമാക്കുന്നത്.സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസറുടെ സംരക്ഷണയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറുന്നതിനായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ കലക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇത് കലക്ടറേറ്റ് വഴി വിദ്യാഭ്യാസ വകുപ്പിനു ലഭ്യമാക്കാനാണ് പദ്ധതി. വിദ്യാഭ്യാസ ഉപ ഡയറക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് കലക്ടർമാരിൽനിന്ന് ഇവ കൈപ്പറ്റേണ്ടത്. ആവശ്യമായ തെർമൽ സ്കാനറുകൾ ഇതിനകം ലഭ്യമായിട്ടുണ്ട്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലെത്തിച്ച് അവിടെനിന്ന് ബിആർസി വഴിയാണ് തെർമൽ സ്കാനറുകൾ സ്കൂൾ പ്രധാനാധ്യാപകർക്കു ലഭ്യമാക്കുക. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായാണ് ഇവ നൽകുക. ഇതിനായി വിദ്യാലയങ്ങളുടെ കുട്ടികളുടെ കൃത്യമായ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്.