പാണത്തൂർ:
മായം കലരാത്ത വിശ്വാസ്യതയുടെ പേരാണ് ‘മാ ഫുഡ്സ്’. പനത്തടി പാണത്തൂർ നെല്ലിക്കുന്നിലെ ഭാഗ്യലക്ഷ്മി കുടുംബശ്രീയിലെ പുലരി ജെഎൽജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ആരംഭിച്ച കറിപ്പൊടികളും അപ്പപ്പൊടികളും നാടൻ രുചി വൈവിധ്യം കൊണ്ട് അടുക്കളകൾ കീഴടക്കുകയാണ്. വായ്പയെടുത്തും കയ്യിലുണ്ടായിരുന്നതെല്ലാം പണയപ്പെടുത്തിയും ആരംഭിച്ച ഈ സംരംഭം 5 കുടുംബങ്ങളുടെ ജീവനോപാധി കൂടിയാണ്.
2017ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിൽ ആരംഭിച്ച ദാരിദ്ര ലഘൂകരണ പദ്ധതി (മിഷൻ ഫോർ പോവർട്ടി അലിവേഷൻ ആക്റ്റിവിറ്റീസ്)യുടെ ഭാഗമായാണ് ഇതിനു രൂപം നൽകിയത്.ചന്ദ്രമണി, വി വി പത്മജ, ശാലിനി രവീന്ദ്രൻ, പ്രേമ തമ്പാൻ, എൽസി തോമസ് എന്നിവരാണ് കൂട്ടായ്മ(ജെഎൽജി)യിലുള്ളത്. കുടുംബശ്രീയുടെ സഹകരണത്തോടെ 15 ലക്ഷം രൂപ വായ്പയെടുത്ത് യന്ത്രങ്ങൾ വാങ്ങി.
സാധനങ്ങൾ കഴുകാനുള്ള യന്ത്രങ്ങൾ മുതൽ പാക്കറ്റ് അടിക്കാനുള്ളവ വരെ ഇവരുടെ പക്കലുണ്ട്. മാ എന്ന ബ്രാൻഡ് പേരും സ്വീകരിച്ചു. പുട്ട്, ഇടിയപ്പം, പത്തിരി, മുളക്, മല്ലി, മഞ്ഞൾ, സാമ്പാർ പൊടികൾ ബഹുവർണ പായ്ക്കറ്റിലാണ് ഇവർ വിപണിയിലെത്തിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായ മിലി മാർക്കറ്റിങ് എന്ന സ്ഥാപനമാണ് വിതരണം ഏറ്റെടുത്തത്. നേരിട്ടുള്ള വിൽപനയ്ക്കു പുറമെ കുടുംബശ്രീ ഓൺലൈൻ വ്യാപാര സൈറ്റിലൂടെയും ‘മാ’ ഉൽപന്നങ്ങൾ ലഭ്യമാണ്.