Sat. Apr 20th, 2024
തിരുവനന്തപുരം:

സിൽവർ ലൈൻ പദ്ധതിക്ക് ആയി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു .22.5 ടൺ ആക്സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകല്പന ചെയ്യുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

എം എൽ എ പി അനിൽ കുമാറിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.അതേസമയം സില്‍വർ‍ ലൈൻ പദ്ധതിയില്‍ കുരുക്ക് ഉണ്ടായിരിക്കുകയാണ്. വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു .

കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ മറുപടി.സ്വപ്നപദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് പ്രതിസന്ധി.

മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പനെടുക്കാനായിരുന്നു ശുപാർശ.

എന്നാല്‍ വായ്പ ബാധ്യത ഏറ്റെടുക്കുന്നതില്‍ പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാനം മറുപടി നല്‍കിയിട്ടുണ്ട്. സില്‍വർ‍ ലൈനിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.