Wed. Jan 22nd, 2025
കൊല്ലം:

പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്തുനിന്ന്‌ സൗരോർജം ഉല്പ്പാദിപ്പിക്കുന്ന ഫ്‌ളോട്ടിങ്‌ സോളാർ പദ്ധതിക്ക്‌ പുതിയ കരാർ. 50 മെഗാവാട്ട്‌ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന 300 കോടി രൂപയുടെ പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്ന ടാറ്റാ പവർ സോളാറും നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷനും (എൻഎച്ച്പിസി) കരാർ ഒപ്പുവച്ചു. 360 ഏക്കർ പാടത്ത്‌ നവംബർ അവസാനത്തോടെ നിർമാണം ആരംഭിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പ്രോജക്ടാണിത്‌.

മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിനു മുകളിൽ ഫ്ലോട്ട്‌ സ്ഥാപിച്ച്‌ അതിനുമുകളിൽ സോളാർ പാനൽ ഘടിപ്പിച്ചാണ് വൈദ്യുതി ഉല്പ്പാദനം. 260 ഏക്കർ കർഷകരുടേതും 100 ഏക്കർ പഞ്ചായത്തിന്റേതുമാണ്. കർഷകർ അടങ്ങുന്ന വെസ്റ്റ്കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻഎച്ച്പിസിക്ക് പാട്ടത്തിനു നൽകിയത്.

2013ൽ പദ്ധതി തയ്യാറാക്കിയെങ്കിലും അന്ന്‌ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ സഹകരിച്ചില്ല. പിന്നീട്‌ എൽഡിഎഫ്‌ അധികാരത്തിലെത്തിയപ്പോഴാണ്‌ പദ്ധതി അംഗീകരിച്ചത്‌.സൗരോർജ പദ്ധതികളെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയം തുണയായി. നിർമാണ കരാർ ജനുവരിയിൽ തൃക്കാക്കരയിലെ സ്റ്റെർലിങ് ആൻഡ്‌ വിൽസൺ കമ്പനിക്കായിരുന്നു ലഭിച്ചത്‌. കേന്ദ്രബജറ്റിൽ ജിഎസ്‌ടിയും നികുതികളും കൂട്ടിയത്‌ നഷ്ടണ്ടാക്കുമെന്ന്‌ ചൂണ്ടിക്കാട്ടി അവർ പിൻവാങ്ങി.