Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിക്കാനിടയായ സംഭവത്തിൽ തീപടർന്നത് കൊതുകുതിരിയിൽ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചതെന്നും മുറിയിൽ കുടുങ്ങിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ശ്വാസംമുട്ടി മരിച്ചതാകാമെന്നുമാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.പഴയ സീമാപുരി മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

കുടുംബാംഗങ്ങൾ വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് അഗ്നിബാധ ഉണ്ടായത്. നാലുനില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടർന്നത്. നാലു ഫയർ എൻജിനുകൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചത്.

എന്നാൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുംബത്തിലെ നാലുപേരും കുടുങ്ങിപ്പോയതിനാൽ ശ്വാസംമുട്ടിയാകാം മരണം. കൊതുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്ന് സംശയിക്കുന്നതായും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.59 വയസുള്ള ഹോരിലാൽ, ഭാര്യ റീന, രണ്ടുമക്കൾ എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.രണ്ടാമത്തെ നിലയിൽ ഉറങ്ങുകയായിരുന്ന മറ്റൊരു മകൻ തീ പടരാതിരുന്നത് കൊണ്ട് രക്ഷപ്പെട്ടു.