ബെയ്ജിങ്:
കൊവിഡ് 19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
ഒരാഴ്ചയായി ഇവിടെ 150ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം. 1.8ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.
എജിൻ ബാനറിലെ 35,700 ഓളം പേരാണ് നിലവിൽ വീടുകളിൽ കഴിയുന്നത്.
എറൻഹോട്ട് നഗരത്തിലും സമാന ഉത്തരവിറങ്ങി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സിവിൽ-ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരം കേസെടുക്കാനാണ് നിർദേശം.
അതേസമയം നിലവിലെ കൊവിഡ് വ്യാപനത്തിൽ നിരുത്തരവാദത്തിനും കൊവിഡ് മാനേജ്മെന്റ് അനാസ്ഥക്കും ആരോഗ്യവകുപ്പിലെ ആറോളം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ കൊറോണ വൈറസ് ബാധ ഏഴുദിവസത്തിനുള്ളിൽ 11ഓളം പ്രവിശ്യകളിലേക്ക് പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത് കമീഷൻ പറയുന്നു. ഇന്നർ മം ഗോളിയ പ്രവിശ്യയിൽ തിങ്കളാഴ്ച 38 കേസുകൾ റിപ്പോർട്ട് ചെയ്തു.