Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ഫൈസറും ബയോഎൻടെകും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). കുട്ടികളില്‍ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും കോവിഡ്മൂലമുള്ള മരണങ്ങളും ആശുപത്രിവാസവും കുറയ്ക്കാനും വാക്സിന്‍ 91 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയതായി എഫ്ഡിഎ വ്യക്തമാക്കി.

അഞ്ചുമുതൽ 11 വയസ്സുവരെയുള്ളവരില്‍ വാക്സിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും കണ്ടെത്തിയതായി നിര്‍മാതാക്കളായ ഫെെസറും ബയോഎന്‍ടെക്കും അവകാശപ്പെട്ടിരുന്നു. പരീക്ഷണഫലം ശരിവച്ചെങ്കിലും കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി വാക്‌സിന് എഫ്ഡിഎ അം​ഗീകാരം നല്‍കിയിട്ടില്ല. ഉപദേശക സമിതിയുടെ യോഗം 26ന് ചേരും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് ആഴ്ചയിൽ 12 ലക്ഷത്തിലധികം കുട്ടികൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. നിലവില്‍ 12 വയസ്സിന് മുകളിലുള്ള ആർക്കും ഫൈസർ വാക്സിന്‍ സ്വീകരിക്കാന്‍ അമേരിക്കയില്‍ അം​ഗീകാരമുണ്ട്.