Mon. Dec 23rd, 2024
തമിഴ്നാട്:

സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ പരാതിയുമായി എത്തിയത്. ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍ കത്തെഴുതിയത്. ഇ എം ഇളംതെന്‍ട്രലും അരിവരസനും യഥാക്രമം ആറാം ക്ലാസിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.

പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്.

മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സ്കൂളിലേക്ക് നടന്നുപോകുമ്പോള്‍ മദ്യശാലയ്ക്ക് മുന്നില്‍ ഫിറ്റായി ഇരിക്കുന്നവര്‍ അശ്ലീലം പറയുന്നതും വഴി തടസമുണ്ടാക്കുന്നതും പേടിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ കത്ത്.

ഇവരെ ഭയന്ന് കൂട്ടുകാരില്‍ പലരേയും രക്ഷിതാക്കള്‍ സ്കൂളിലേക്ക് അയക്കാന്‍ വരെ മടിക്കുന്നുവെന്നും ഇളംതെന്നല്‍ കത്തില്‍ പറയുന്നു. കത്ത് കൈപ്പറ്റിയതിന് പിന്നാലെ സത്വര നടപടിയായി മദ്യശാല അടക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കുകയായിരുന്നു.