Wed. Apr 24th, 2024
ലണ്ടന്‍:

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിശ്വാസഹത്യ നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ആഗോള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ യൂണിയന്‍ നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (യുഎന്‍ഐ). ആഗോള ഉപയോക്താക്കള്‍ ഉൽപ്പന്നങ്ങള്‍ക്കുവേണ്ടി ഓണ്‍ലൈനില്‍ തെരയുമ്പോള്‍ സ്വന്തം ഉൽപ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുംവിധം സാങ്കേതികത്തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ആമസോണ്‍ നേരിടുന്നത്.

ഇന്ത്യന്‍ ഉപവിഭാഗമായ ആമസോണ്‍ ബേസികിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അനര്‍ഹമായ മുന്‍ഗണന ലഭിക്കുംവിധം തട്ടിപ്പ് നടന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സാണ് കഴിഞ്ഞയാഴ്ച തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തത്. ഇ യു രാജ്യങ്ങളുടെ പരിധിയിലെ ആമസോണ്‍ തട്ടിപ്പ് അന്വേഷിക്കണമെന്നാണ് യുഎന്‍ഐ കത്തില്‍ ആവശ്യപ്പെട്ടത്.

നൂറ്റമ്പതിലേറെ രാജ്യങ്ങളിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മയാണ് യുഎന്‍ഐ. സമാന ആരോപണത്തില്‍ ഇയു ആമസോണിന് 88.6 കോടി ഡോളറും ഫ്രാന്‍സ് 3.5 കോടി യൂറോയും പിഴയിട്ടിരുന്നു. ഇതിനെതിരെ നിയമയുദ്ധത്തിലാണ് ആമസോണ്‍.