Mon. Dec 23rd, 2024
പത്തനംതിട്ട:

മഴക്കാല മുന്നറിയിപ്പിനിടെ ഉരുൾപൊട്ടൽ ഭീഷണിയിലുമാണ് പത്തനംതിട്ട ജില്ലയിലെ ആതിരമല. ജാഗ്രതാ മുന്നറിയിപ്പിനൊപ്പം ദുരിതാശ്വാസ ക്യാംപുകളും ഒരുക്കിയെങ്കിലും കടുത്ത ആശങ്കയിലാണ് മലയോട് ചേർന്നു താമസിക്കുന്നവർ. ക്യാംപുകൾ നിർത്തിവച്ചാൽ അപകടസാധ്യതയുള്ള പ്രദേശത്തേക്ക് മടങ്ങിയെത്തണമെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

പത്തനംതിട്ട ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് പന്തളം കുരമ്പാലയിലെ ആതിരമല. മുനിസിപ്പാലിറ്റിയിലെ 16, 17, 18 ഡിവിഷനുകളിലും പള്ളിക്കൽ പഞ്ചായത്തിലും ഉൾപ്പെട്ട മലയ്ക്ക് ചുറ്റും എഴുന്നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. മഴക്കാല മുന്നറിയിപ്പിനെ തുടർന്ന് ആതിരമലയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് മലയോട് ചേർന്നു താമസിക്കുന്ന പ്രദേശവാസികൾ ആശങ്കയിലായത്.

വർഷങ്ങൾക്ക് മുൻപ് ആതിരമലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുള്ളതായാണ് പ്രായമുള്ളവർ പറയുന്നത്. കാലങ്ങളായി മലയിടിച്ച് നടക്കുന്ന മണ്ണെടുപ്പും പ്രദേശത്തെ അപകടാവസ്ഥയിലാക്കിയിട്ടുണ്ട്. ജാഗ്രതാ നിർദേശത്തിനൊപ്പം പ്രദേശവാസികളോട് ഇവിടെനിന്ന് ക്യാംപുകളിലേക്ക് മാറിത്താമസിക്കാനാണ് ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. എന്നാൽ താൽക്കാലിക നടപടികൾക്കപ്പുറം പ്രദേശവാസികളുടെ ആശങ്കയകറ്റാൻ സർക്കാരിനു മുന്നിലും പദ്ധതികളില്ല.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പഠനത്തിലാണ് ആതിരമലയിലെ അപകടസാധ്യത കണ്ടെത്തിയത്. കോന്നി, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽപെട്ട മറ്റ് 43 സ്ഥലങ്ങളിലും ഭീഷണിയുള്ളതായി പഠനത്തിൽ പറയുന്നുണ്ട്.