Sat. Jan 18th, 2025
ദുബായ്:

മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യാ മേളയായ ജൈടെക്സിൽ കേരളത്തിന്റെ കരുത്തും സാധ്യതകളും അറിയിച്ച് 30 ഐടി കമ്പനികളും 20 സ്റ്റാർട്ടപ്പുകളും പങ്കെടുത്തു. ഐടി മേഖലയിൽ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയുമാണ് ലക്ഷ്യം. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ, ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേരള സംഘം ചർച്ചകൾ നടത്തുന്നത്.

വൻ കമ്പനികളെയും മധ്യപൂർവദേശത്തു നിന്നുള്ള ഐടി സ്ഥാപനങ്ങളെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതികൾക്കാണു മുൻഗണനയെന്ന് ജോൺ എം തോമസ് അറിയിച്ചു. വിദേശത്തുൾപ്പെടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ മലയാളികളെ തിരികെ കൊണ്ടുവരാൻ യോജ്യമായ സാമൂഹികാന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുമെന്നും പറഞ്ഞു.

കേരളത്തിലെ ഐടി പാർക്കുകളിൽ ഒന്നരലക്ഷം പേർ ജോലി ചെയ്യുന്നുണ്ടെങ്കിലും 5 ലക്ഷത്തോളം മലയാളി ഐടി പ്രഫഷനലുകൾ മറ്റിടങ്ങളിലാണ്. അവരെ ആകർഷിക്കുന്ന സാഹചര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. ജോലി ചെയ്യുന്ന ഇടങ്ങൾ ഉയർന്ന ജീവിത നിലവാരത്തോടെ താമസിക്കാൻ പറ്റിയ സ്ഥലങ്ങളുമാകണം. തിരുവനന്തപുരത്തെ ‘ടോറസ് ഡൗൺടൗൺ’ പോലെയുള്ള പദ്ധതികൾ കൂടുതലായി കൊണ്ടുവരുന്നതിനു മുന്തിയ പരിഗണന നൽകും.