Thu. Mar 28th, 2024
ലണ്ടന്‍:

ആ​ഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍.

ജര്‍മനിയില്‍ പ്രകൃതിവാതക പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയുടെ താളംതെറ്റിച്ചു. ബ്രിട്ടനില്‍ വാഹനം ഉപയോഗിക്കുന്നവർക്ക് എണ്ണ ലഭിക്കുന്നില്ല. വൈദ്യുതി റേഷനായി നൽകേണ്ടിവരുമെന്ന ഭീതിയില്‍ യൂറോപ്പ്.

ലോകം മഹാമാരിയിൽനിന്ന് ക്രമേണ മുക്തി നേടി തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധന ആവശ്യം കുതിച്ചുയരുകയാണ്. എന്നാല്‍ ആവശ്യത്തിന് ജൈവ ഇന്ധനം ലഭ്യമാകാതെ വരുന്നതോടെ വില കുതിച്ചുകയറി. കൊവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതും പുതിയ നിക്ഷേപം കുറഞ്ഞതുംമൂലം വൈദ്യുതിയുടെ ആവശ്യത്തിന് അനുസരിച്ച് ഉത്പ്പാദനം വർദ്ധിപ്പിക്കാനാകുന്നില്ല.

യൂറോപ്പില്‍ പ്രകൃതി വാതക പ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് വിതരണത്തിന്റെ 90ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. വർഷത്തിന്റെ തുടക്കത്തിലേതില്‍നിന്ന് വില അഞ്ച് മടങ്ങ് വർദ്ധിച്ചു. ഒരു മെഗാവാട്ടിന് 19 യൂറോയിൽനിന്ന് 95 യൂറോയായി. ഊര്‍ജ പ്രതിസന്ധി ഇറ്റലിയില്‍ ഭക്ഷ്യ ശൃംഖലയെ ബാധിച്ചു.

മീഥെയ്ൻ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ധാന്യങ്ങള്‍ ഉണക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കും. തന്മൂലം ധാന്യ ഉല്‍പ്പന്നങ്ങളുടെ വില ഉയർത്താൻ ഇടയാക്കും. കന്നുകാലികള്‍ക്കുള്ള തീറ്റയ്‌ക്കുള്‍പ്പെടെ വില ഉയരുന്നത് പാലിനും മാംസത്തിനും വില ഉയരാന്‍ കാരണമാകും. ആഗോള എണ്ണവിലയും ഉയര്‍ന്ന നിലയിലാണ്.