Fri. Nov 22nd, 2024
കോട്ടയം:

പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും.

ഇതു കുഴിയാണെന്ന ധാരണയിൽ വാഹനങ്ങൾ പെട്ടെന്നു നിർത്തും. ഇതോടെ പിന്നാലെ വരുന്നവരും വണ്ടി നിർത്തുന്നതാണു കുരുക്കിനു കാരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ കഞ്ഞിക്കുഴി ജംക്‌ഷനിലേക്ക് ഇവിടെനിന്ന് അധിക ദൂരമില്ല. അതോടെ ട്രാഫിക് ബ്ലോക്ക് ദേശീയപാതയിൽ കിലോമീറ്ററുകൾ നീളും.

മേൽപാലത്തിനു സമീപം റെയിൽവേ ഇരട്ടപ്പാത നിർമാണം നടക്കുന്നതിനാൽ റോഡിൽ ചെളി നിറഞ്ഞിരിക്കുകയാണ്. ഇതിലൂടെ വേണം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും പോകാൻ. ദേഹത്തു ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. റോഡിനെക്കാൾ പാലം താഴ്ന്നു നിൽക്കുന്നതാണു വെള്ളക്കെട്ടിനു കാരണമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു.