Sat. Apr 20th, 2024
താമരശ്ശേരി:

മലയോരത്ത് മഴ കനത്തതോടെ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ നിവാസികൾ വീണ്ടും ഭീതിയിൽ. മാവുള്ള പൊയിൽ മലയിൽ അപകടാവസ്ഥയിലുള്ള പാറക്കെട്ട് ഏതു നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ജൂൺ 15ന് മലമുകളിൽ നിന്നു കൂറ്റൻ പാറക്കല്ല് അടർന്നു വീണതോടെയാണ് പാറക്കെട്ട് അപകട ഭീഷണിയിലായത്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ദുരന്ത സാധ്യത ബോധ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. 10 ദിവസത്തിനുള്ളിൽ പാറക്കെട്ട് മുറിച്ച് മാറ്റാൻ കലക്ടർ ഉത്തരവിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പാറക്കെട്ട് അപകടരഹിതമായി മുറിച്ചുമാറ്റുന്നതിനുള്ള വിദഗ്ധ സംഘത്തെ ലഭിക്കാത്തതാണത്രേ കാരണം.

താമരശ്ശേരി തഹസിൽദാരുടെ നിർദേശ പ്രകാരം തൃശൂരിൽ നിന്നുള്ള സ്വകാര്യ ഏജൻസി എത്തി പരിശോധന നടത്തിയെങ്കിലും അവർ ആവശ്യപ്പെട്ട തുക അധികമാണ് എന്നതിനാൽ തുടർ നടപടിയുണ്ടായില്ല. താഴ്‌വാരത്തെ 12 കുടുംബങ്ങളുടെ ജീവനും സ്വത്തിനു ഒരു പോലെ ഭീഷണിയാണ് ഈ പാറക്കെട്ട്. അപകടാവസ്ഥയുടെ ഗൗരവവും പാറക്കെട്ടു മുറിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും ജിയോളജി വകുപ്പിന്റെ പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതാണ്.

മാവുള്ളപൊയിൽ മലയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം തികഞ്ഞ ഉദാസീനത കാണിക്കുന്നതായും ആക്ഷേപമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ പാറക്കെട്ട് മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രദേശവാസികളെ മുൻ നിർത്തി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി പഞ്ചായത്ത് ഭാരവാഹികളായ മനോജ് വേണാടി, നിനീഷ് കട്ടിപ്പാറ എന്നിവർ മുന്നറിയിപ്പ് അറിയിച്ചു.