Mon. Dec 23rd, 2024
തിരുവനന്തപുരം:

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു. മോഷണത്തിനായി കാറിന്റെ ഗ്ലാസുകളാണ് കല്ലുപയോഗിച്ച് തകർത്തത്. കേസിലെ പ്രതി തിരുമല ആറാമട സ്വദേശി ഏബ്രഹാം വി ജോഷ്വ (19) യെ റെയിൽവേ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം തേടി അതിക്രമം നടത്തിയതാണെന്നാണ് പൊലീസ് നിഗമനം. ജോഷ്വയുടെ ആധാർ കാർഡ് അടങ്ങിയ പഴ്സ് ഒരു കാറിൽനിന്നു ലഭിച്ചതുകൊണ്ടാണ് മണിക്കൂറുകൾക്കകം പിടികൂടാൻ സാധിച്ചത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു അതിക്രമം. അക്രമ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോയെന്നു കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.