Fri. Mar 29th, 2024
പുനലൂർ:

താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച റീജ്യണൽ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ബുദ്ധി പരിശോധന, ശൈശവ മാനസികരോഗസാധ്യത നിർണയം, ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റ്, ഓട്ടിസം പഠനവൈകല്യ നിർണയം എന്നീ ചികിത്സകളും തുടങ്ങി.

സത്യസായി സേവാസംഘടനയുടെ അഖിലേന്ത്യ ട്രൈബൽ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഓക്സിജൻ ജനറേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രോഗിസൗഹൃദ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഡ്രഗ് ബാങ്ക്, ഡ്രസ്‌ ബാങ്ക്, ക്യാഷ് ബാങ്ക്, ബുക്ക് ബാങ്ക് എന്നീ പദ്ധതികളാണ്‌ ആരംഭിച്ചത്‌.

കിടപ്പുരോഗികൾ, ക്യാൻസർ രോഗികൾ ഉൾപ്പെടെ അർഹരായവർക്ക്‌ മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഡ്രഗ് ബാങ്ക്. പൊതുജനങ്ങൾക്കും മരുന്നുകൾ സംഭാവനയായി നൽകാം. ഡ്രസ്‌ ബാങ്ക് പദ്ധതിയിലൂടെ കിടപ്പുരോഗികൾക്ക് സൗജന്യമായി വസ്ത്രംനൽകും. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ വസ്ത്രങ്ങൾ വാങ്ങിസൂക്ഷിക്കും.