Thu. Dec 19th, 2024
കോഴഞ്ചേരി:

ലോകം ആശയവിനിമയത്തിന്റെ ഉന്നത തലങ്ങളിൽ എത്തിനിൽക്കുമ്പോഴും പഴയകാല സ്മരണകളിലേക്ക് നയിക്കുകയാണ് കോഴഞ്ചേരിയിലെ കാലങ്ങൾ പഴക്കമുള്ള അഞ്ചൽപെട്ടി. സ്വാതന്ത്ര്യലബ്ദിക്കും വളരെ മുൻപ് തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ സംവിധാനത്തിന്റെ ശേഷിപ്പുകളിലൊന്നാണ് കോഴഞ്ചേരിയിലെ അഞ്ചൽപെട്ടി.

ഇന്നും കേടുപാടുകളൊന്നും കൂടാതെ ഇത് നിലകൊള്ളുന്നു. കേരളത്തിൽ അവശേഷിക്കുന്ന അഞ്ചൽപെട്ടികളിൽ രണ്ടെണ്ണം പത്തനംതിട്ട ജില്ലയിലാണുള്ളത്. കോഴഞ്ചേരിയിലേതു കൂടാതെ അടൂരിലും ഇത് സംരക്ഷിച്ചിരുന്നു. കോവിഡ് സാഹചര്യത്തെത്തുടർന്ന് മൂന്നുമാസം മുൻപ് മ്യൂസിയത്തിൽ സംരക്ഷിക്കാനായി അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പെട്ടി കൊണ്ടുപോയി.

കോഴഞ്ചേരിയിൽ അഞ്ചൽ സ്ഥാപിതമായ വർഷം ഏതെന്ന് കൃത്യമായി പറയുന്ന രേഖകൾ ഇന്നില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിനും വളരെ മുൻപ് ആരംഭിച്ചതാണെന്നാണ് കണക്കുകൂട്ടൽ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണ് കോഴഞ്ചേരിയിൽ അഞ്ചൽ സ്ഥാപിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ ശംഖുമുദ്രയും അഞ്ചൽപെട്ടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.