Sat. Apr 20th, 2024
കൊല്ലം:

പാഴ്‌സൽ സർവീസ് കേന്ദ്രങ്ങൾ, ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എക്‌സൈസ് പരിശോധന. മദ്യം, മയക്കുമരുന്ന് തുടങ്ങിയ വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി റോബർട്ടിന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്‌. പകൽ 10.30ന് ആരംഭിച്ച പരിശോധന 12.30വരെ നീണ്ടു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ഇത്തരം കേന്ദ്രങ്ങളിലൂടെ വൻതോതിൽ കഞ്ചാവ് കടത്തിയത്‌ എക്സൈസ് കണ്ടെത്തിരുന്നു. രാസലഹരി അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തലിന് പാഴ്‌സൽ, കൊറിയർ സർവീസുകൾ ഉപയോഗിക്കുന്നതായി അടുത്തക്കാലത്ത്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ഉരുപ്പടികൾ തുറന്നു പരിശോധിക്കാൻ കഴിയാത്തതായതിനാൽ ഇവ കണ്ടെത്താനും തിരിച്ചറിയാനും പ്രയാസമാണ്.

പരിശോധന തുടരുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി സുരേഷ് അറിയിച്ചു.